കുമരകത്ത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയറിയാതെ വിൽക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശിയായ പിതാവ് അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് മാസമായി കുമ്മനം മറക്കണ്ടയിലുള്ള അഷറഫിന്റെ വാടകവീട്ടിലാണ് ഇയാളുടെ താമസം. ഈ വീട്ടിൽ മറ്റു 12 പേരു കൂടി താമസിക്കുന്നുണ്ട് ഇവരെല്ലാവരും നിർമ്മാണ തൊഴിലാളികളാണ്. ജോലിക്കൊന്നും പോകാതെ വീട്ടിൽ ഇരിക്ന്ന ഇയാൾ കൂടെ താമസിക്കുന്നവരുടെ ചെലവിലാണ് കഴിഞ്ഞിരുന്നത്. സമീപത്തുള്ള മറ്റ് അതിഥി തൊഴിലാളികളിൽ നിന്നും കടം വാങ്ങി ചീട്ടുകളിയും ലോട്ടറിയെടുപ്പും ആയിരുന്നു ഇയാളുടെ പ്രധാന പരിപാടി. ഭാര്യയും മക്കളെയും ഇയാൾ ഇവിടെ എത്തിച്ചെങ്കിലും അവരുടെ ചെലവ് നോക്കിയിരുന്നതും മറ്റുള്ളവർ ആണ്. എന്നാൽ അയാൾ പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു കൊണ്ട് കടം കൊടുത്തവർ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയപ്പോൾ ഇയാൾ രണ്ടുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിറ്റ് കടം വീട്ടാൻ തീരുമാനിച്ചു. ഇതനുസരിച്ച് ഇന്നലെ രാവിലെ കുഞ്ഞിനെ വാങ്ങാൻ ഈരാറ്റുപേട്ടയിൽ ജോലി ചയ്യുന്ന അർമാൻ എന്ന ആൾ എത്തുകയും ചെയ്തു . നേരത്തെ രണ്ടു തവണ ഇവർ ആൺകുഞ്ഞിനെ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിലും അവസാനം നിമിഷം പാളിയതുകൊണ്ട് ഇത്തവണ കൂടുതൽ ശ്രദ്ധയോടെയും രഹസ്യത്തോടെയും ആയിരുന്നു നീക്കങ്ങൾ നടത്തിയത്. എന്നാൽ രാവിലെ അർമാൻ വീട്ടിൽ എത്തി പിതാവിനെ കണ്ടു ബാക്കി പണം കൈമാറി കുട്ടിയെയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അവിടെയുള്ള ആസാം സ്വദേശികളിൽ നിന്ന് വിവരം ലഭിച്ച അൻസിൽ , പഞ്ചായത്ത് അംഗങ്ങളെയും പോലീസുകാരെയും അറിയിക്കുകയും അവർ രാവിലെ തന്നെ കുട്ടിയുടെ പിതാവിനെ പിടികൂടി, കുട്ടിയെ കൈമാറുന്ന നീക്കങ്ങൾ തടയുകയും ചെയ്തു. ഇതിനു കൂട്ടുനിന്ന എല്ലാവരെയും പോലീസ് പിടികൂടുകയും ചെയ്തു.
