സംസ്ഥാനത്ത് പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന് അനുമതി: വീണാ ജോർജ്ജ്

Breaking Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.40 ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സര്‍ക്കാര്‍ പാലിച്ചത്. ഇതിനായി 40 ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തിക ആരോഗ്യ വകുപ്പ് സൃഷ്ടിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നാഷണല്‍ ആയുഷ് മിഷന്റേയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

35 ഗ്രാമ പഞ്ചായത്തുകളിലും 5 മുന്‍സിപ്പാലിറ്റികളിലുമാണ് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നത്. മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍, പെരുവള്ളൂര്‍, വേങ്ങര, പൊന്‍മുണ്ടം, വെട്ടത്തൂര്‍, മേലാറ്റൂര്‍, തേഞ്ഞിപ്പാലം, മുന്നിയൂര്‍, കണ്ണമംഗലം, മങ്കട, കീഴാറ്റാര്‍, പാലക്കാട് ജില്ലയിലെ അകത്തേത്തറ, വടകരപ്പതി, പെരുമാട്ടി, കപ്പൂര്‍, കുമരംപുത്തൂര്‍, നെല്ലായ, വടവന്നൂര്‍, കൊടുമ്ബ്, പൂക്കോട്ടുകാവ്, വെള്ളിനേഴി, വിളയൂര്‍, അയിലൂര്‍, പട്ടഞ്ചേരി, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ചേര്‍പ്പ്, ചൂണ്ടല്‍, ദേശമംഗലം, കാട്ടൂര്‍, വല്ലച്ചിറ, ഒരുമനയൂര്‍, കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, ചോറോട്, കായണ്ണ, തുറയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും, കോഴിക്കോട് ജില്ലയിലെ വടകര, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍, എറണാകുളം ജില്ലയിലെ ഏലൂര്‍, കളമശേരി എന്നീ മുന്‍സിപ്പാലിറ്റികളിലുമാണ് പുതുതായി ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നത്.

ഹോമിയോ വിഭാഗം ശക്തിപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 600 ആയുഷ് ഹെല്‍ത്ത് & വെല്‍നെസ് സെന്ററുകളാക്കി പരിവര്‍ത്തനം ചെയ്തതില്‍ 240 എണ്ണം ഹോമിയോ വിഭാഗത്തിന്റേതാണ്. കൂടാതെ പുതുതായി ആയുഷ് ഹെല്‍ത്ത് & വെല്‍നെസ് സെന്ററുകളായി അംഗീകാരം ലഭിച്ച 100 എണ്ണത്തില്‍ 40 എണ്ണം ഹോമിയോ സ്ഥാപനങ്ങളാണ്. ആയുഷ് മേഖലയില്‍ അടുത്തിടെ 150 സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച്‌ അംഗീകാരം ലഭിച്ചിരുന്നു. അതില്‍ 65 എണ്ണം ഹോമിയോ വിഭാഗത്തിന്റേതാണ്. ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ഏകോപിപ്പിക്കാനായി ഹാര്‍ട്ട് പദ്ധതി നടപ്പിലാക്കി. അടൂരില്‍ ഹോമിയോ മാതൃ ശിശു ആശുപത്രിയ്ക്കായുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ കാലയളവില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്ത് ഹോമിയോപ്പതി വിഭാഗം ശ്രദ്ധനേടിയിരുന്നു. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഹോമിയോപ്പതി, നാച്യുറോപ്പതി, യോഗ തുടങ്ങിയ ചികിത്സാ സമ്ബ്രദായങ്ങളെ സംയോജിപ്പിച്ചു കൊണ്ട് ‘ആയുഷ്മാന്‍ ഭവ’, സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യ പരിപാലനം എന്നിവ ലക്ഷ്യമാക്കി ‘സീതാലയം’, വന്ധ്യതാ നിവാരണ പദ്ധതിയായ ‘ജനനി’, കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യപരിപാലനം, പെരുമാറ്റ വ്യക്തിത്വ വൈകല്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി ‘സദ്ഗമയ’, ലഹരി വിമുക്ത ചികിത്സാ പദ്ധതിയായ ‘പുനര്‍ജനി’, ആലപ്പുഴ ജില്ലയിലെ ചമ്ബക്കുളം, കുട്ടനാട്, ഹരിപ്പാട് എന്നിവിടങ്ങളില്‍ ഫ്‌ളോട്ടിങ് ഡിസ്‌പെന്‍സറി, ഇടുക്കി, വയനാട് ജില്ലകളിലെ ദുര്‍ഘട മേഖലകളില്‍ അധിവസിക്കുന്നവര്‍ക്കായി മൊബൈല്‍ ഹോമിയോ ക്ലിനിക്കുകള്‍ തുടങ്ങിയ നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ വകുപ്പ് നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *