കേരളത്തിൽ 18.34 ശതമാനം പേർക്ക് ഗുരുതര രോഗ സാധ്യത;വിവരങ്ങൾ പുറത്തുവിട്ടത് ആരോഗ്യവകുപ്പ്

Breaking Kerala

തിരുവനന്തപുരം: കേരളത്തിൽ 27,53,303 പേര്‍ക്ക് (18.4%) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളില്‍ പ്രായമുള്ള ഒന്നര കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തിയ കാന്‍സര്‍ സ്‌ക്രീനങിലൂടെ 5.96 ശതമാനം പേരെ (8,95,330) കാന്‍സര്‍ സാധ്യത കണ്ടെത്തി കൂടുതല്‍ പരിശോധനക്കായി റഫര്‍ ചെയ്തിട്ടുണ്ട്. 10.83 ശതമാനം പേര്‍ക്ക് (16,25,847) രക്താതിമര്‍ദവും 8.76 ശതമാനം പേര്‍ക്ക് (13,15,615) പ്രമേഹവും 4.11 ശതമാനം പേര്‍ക്ക് (6,16,936) ഇവ രണ്ടും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കിടപ്പ് രോഗികളായ 1,06,545 (0.71%) പേരുടേയും പരസഹായം കൂടാതെ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത 1,87,386 (1.24%) വ്യക്തികളുടേയും 45,24,029 (30.14%) വയോജനങ്ങളുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശൈലി ആപ്പ് വഴി ശേഖരിച്ചിട്ടുണ്ട്.

ഇതുവരെ ആകെ 1,50,05,837 പേരുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. രക്താതിമര്‍ദ്ദം, പ്രമേഹം, കാന്‍സര്‍, ക്ഷയരോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനായി ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിങ് നടത്തുന്നത്.
നിലവില്‍ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതോടൊപ്പം ജീവിതശൈലിയില്‍ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങള്‍ വരാതെ നോക്കാനും സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *