തിരുവനന്തപുരം: റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് 73 രൂപയിൽ നിന്ന് 71 രൂപയായി കുറച്ചു.
എണ്ണക്കമ്പനികൾ വില പുതുക്കിയതോടെ ഭക്ഷ്യപൊതുവിതരണ കമ്മിഷണർക്ക് വേണ്ടി റേഷനിങ് കൺട്രോളറാണ് വില കുറച്ച് ഉത്തരവിറക്കിയത്. നാലുമാസം കൊണ്ട് മണ്ണെണ്ണ വിലയിൽ 10 രൂപയാണ് കുറഞ്ഞത്.എന്നാൽ, കുറഞ്ഞ വില ഇനിയും റേഷൻ കടകളിലെ ഇ പോസ് സംവിധാനത്തിൽ രേഖപ്പെടുത്താത്തതിനാൽ കാർഡ് ഉടമകൾക്ക് ഇതിന്റെ ഗുണം ഉടൻ ലഭിക്കില്ല. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഐ.ടി. സെല്ലാണ് ഇ പോസിലെ വില മാറ്റത്തിന് നടപടി സ്വീകരിക്കേണ്ടത്.