ഒൻപതര കോടിയുടെ കുടിശ്ശിക; ആരോഗ്യ വകുപ്പിനെതിരെ സൺഫാർമ ഹൈക്കോടതിയിൽ

Breaking Kerala

കൊച്ചി: കാരുണ്യ ഫാർമസിക്ക് മരുന്ന് വിതരണം ചെയ്തതിന്റെ പണം സർക്കാർ നൽകിയില്ലെന്ന് സൺ ഫാർമ. 9.5 കോടി രൂപ കുടിശ്ശിക ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ സൺ ഫാർമ ഹൈക്കോടതിയെ സമീപിച്ചു.
സർക്കാർ വിശ്വാസ വഞ്ചന കാട്ടിയെന്നും പാവപ്പെട്ട രോഗികൾ കാരുണ്യയെ ആശ്രയിക്കുന്നതിനാലാണ് മരുന്ന് വിതരണം നിർത്താത്തതെന്നും ഹർജിയിൽ കമ്പനി പറയുന്നു.
നിലവിൽ കമ്പനി നൽകുന്ന ജീവൻ രക്ഷാ മരുന്നുകൾ പെട്ടെന്ന് നിർത്തിയാൽ രോഗികൾക്ക് അത് ബുദ്ധിമുട്ടുണ്ടാകും. സർക്കാർ നടത്തിയത് വിശ്വാസ വഞ്ചനപരമായ നടപടിയുമാണെന്നും കമ്പനി ഹർജിയിൽ പറയുന്നു.
സംസ്ഥാനത്തെ 52 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിലേക്ക് ജീവൻ രക്ഷാ മരുന്നുകളുടെ 35% വിതരണം ചെയ്യുന്നത് സൺ ഫാർമ എന്ന കമ്പനിയാണ്.
എന്നാൽ, കഴിഞ്ഞ ആറുമാസമായി മരുന്നുകൾക്ക് പണം നൽകിയിട്ടില്ല. ഒമ്പതര കോടി രൂപയാണ് കമ്പനിക്ക് ഇതുവരെ നൽകാനുള്ളത്.
പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും മെഡിക്കൽ സർവീസസ് കോർപറേഷനും നിരവധി തവണ കത്തയച്ചിട്ടും പ്രതികരിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *