ഭിന്നശേഷിയുള്ളവർക്കായി മനസിൽ ഇടം കൊടുക്കാൻ സമൂഹം തയ്യാറാകുമ്പോഴാണ് എല്ലാവരേയും ഉൾച്ചേർക്കുന്ന സമൂഹം എന്ന സങ്കൽപം യാഥാർത്ഥ്യമാകുന്നതെന്ന് ഉമ തോമസ് എം.എൽ.എ അഭിപ്രായപ്പെട്ടു. എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്തർദേശീയഭിന്നശേഷിദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സംഗമവും എബിലിറ്റി ഫെസ്റ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.. കളമശേരി സെന്റ് ജോസഫ് ഇടവകയുടെ സഹകരണത്തോടെ, പാരിഷ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ അതിരൂപതാ ബിഷപ്പ് എമരിറ്റസ് മാർ തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷിക്കാരുടെ കഴിവുകൾ കണ്ടെത്താനും അവ വളർത്തി ജീവിത വിജയം നേടിയെടുക്കാൻ പ്രാപ്തരാക്കാനുമുള്ള നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജഡ്‌ജി ആർ.ആർ. രജിത ഭിന്നശേഷിദിനസന്ദേശം നൽകി.ഭിന്നശേഷി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച സ്‌കൂളിനുള്ള പുരസ്കാരം കൂനമ്മാവ് സെൻ്റ് ജോസഫ് ഫാത്തിമാ സ്കൂൾ ഏറ്റുവാങ്ങി. ഭിന്ന ശേഷി മേഖലയിലെ മികച്ച സേവനത്തിന് സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ റോബിൻ ടോമിയെ യോഗത്തിൽ ആദരിച്ചു. മികച്ച സംരംഭകത്വ പ്രവർത്തനം നടത്തുന്ന ഭിന്നശേഷിക്കാരിക്കുള്ള അവാർഡ് റിക്സി റാഫേൽ, ശാന്തവർഗീസ്, ജസി ഉറുമീസ് എന്നിവർക്ക് സിനിമാ സീരിയൽ താരം ഹരിശ്രീ മാർട്ടിൻ സമ്മാനിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, കളമശേരി ഇടവക വികാരി ഫാ. തോമസ് പെരേപ്പാടൻ, സഹൃദയ അസിസ്റ്റൻറ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, കൈക്കാരൻ ആൻ്റണി പരിമളത്ത്, സഹൃദയ സ്പർശൻ ഫെഡറേഷൻ പ്രസിഡൻറ് വി.ജി. അനിൽ എന്നിവർ സംസാരിച്ചു.സഹൃദയ സ്പർശൻ ഫെഡറേഷൻ അംഗങ്ങളായ മുന്നൂറിലേറെ ഭിന്നശേഷിക്കാർ പങ്കെടുത്ത പരിപാടിയിൽ ഡോ. മാണി പോൾ ബോധവത്കരണ ക്‌ളാസ് നയിച്ചു. വിവിധ സ്‌പെഷ്യൽ സ്‌കൂളുകൾ കലാപരിപാടികൾ അവതരിപ്പിച്ചു.