കേരളത്തില്‍ കോവിഡ്19-ന്റെ ഉപവകഭേദം ജെഎൻ.1 കണ്ടെത്തി. INSACOG-ന്റെ പതിവു നിരീക്ഷണപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കണ്ടെത്തല്‍.ഐസിഎംആര്‍ ഡിജി ഡോ. രാജീവ് ബഹലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് കോവിഡ് – 19നെ ജനിതകഘടനയുടെ വീക്ഷണകോണിലൂടെ നിരീക്ഷിക്കുന്ന ജനിതകഘടനാ ലബോറട്ടറികളുടെ ശൃംഖലയാണ് ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം (INSACOG). ഐസിഎംആര്‍ ഈ സഖ്യത്തിന്റെ ഭാഗമാണ്. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ നിരീക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ILI, SARI രോഗികളെ കോവിഡ് -19നായി പരിശോധിക്കുകയും രോഗബാധിതരുടെ സാമ്ബിളുകള്‍ മുഴുവൻ ജനിതകശ്രേണീകരണത്തിനായി നിര്‍ദേശിക്കുകയും ചെയ്യുന്നു.
2023 ഡിസംബര്‍ എട്ടിനു തിരുവനന്തപുരത്തെ കരകുളത്തുനിന്നുള്ള RT-PCR പോസിറ്റീവ് സാമ്ബിളിലാണ് ഈ കേസ് കണ്ടെത്തിയത്. 2023 നവംബര്‍ 18നാണു സാമ്ബിള്‍ RT-PCR പരിശോധനയില്‍ പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. രോഗിക്ക് ഇൻഫ്ലുവൻസ ലൈക്ക് ഇല്‍നെസി(ILI)ന്റെ നേരിയ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അതിനുശേഷം കോവിഡ്-19ല്‍ നിന്നു മുക്തിനേടി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഐഎല്‍ഐ കേസുകളില്‍ നിന്നുള്ള സാമ്ബിളുകള്‍ പരിശോധനയ്ക്കായി നിര്‍ദേശിക്കുന്നതിലെ വര്‍ധനയാണ് ഇതിനു കാരണം. ഈ കേസുകളില്‍ ഭൂരിഭാഗവും ചികിത്സാപരമായി നേരിയതും പ്രത്യേക ചികിത്സകൂടാതെ സ്വന്തം വീടുകളില്‍ തന്നെ സുഖം പ്രാപിക്കുന്നതുമാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പതിവ് ഉദ്യമങ്ങളുടെ ഭാഗമായി, സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുജനാരോഗ്യ- ആശുപത്രി തയ്യാറെടുപ്പ് നടപടികള്‍ വിലയിരുത്തുന്നതിനായി മോക്ക് ഡ്രില്‍ നടന്നുവരികയാണ്. ഡിസംബര്‍ 13ന് ആരംഭിച്ച ഈ പ്രവര്‍ത്തനം ജില്ലാകലക്ടര്‍മാരുടെ മൊത്തത്തിലുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നത്. 2023 ഡിസംബര്‍ 18നകം പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം കേരള സംസ്ഥാന ആരോഗ്യവകുപ്പുമായി നിരന്തരം ബന്ധപ്പെടുകയും വിവിധ പ്രവേശനകേന്ദ്രങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.