കേരളത്തില്‍ കോവിഡ് വര്‍ദ്ധനവ് : കര്‍ണാടകയില്‍ മുതിർന്ന പൌരന്‍മാരോട് മാസ്ക് ധരിക്കാൻ നിര്‍ദേശിച്ച്‌ കര്‍ണാടക സര്‍കാര്‍

Breaking Kerala

ബംഗളൂരു :കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ അസുഖബാധിതരായ മുതിര്‍ന്ന പൗരന്മാര്‍ മാസ്ക് ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു നിര്‍ദേശിച്ചു.കേരളത്തിലെ സ്ഥിതിഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

60 വയസിനു മുകളില്‍ പ്രായമുള്ളവരും ഹൃദയം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും ചുമ, കഫം, പനി എന്നിവയുള്ളവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളോടും ആരോഗ്യ കേന്ദ്രങ്ങളോടും സജ്ജമാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര തുടങ്ങിയ അതിര്‍ത്തി ജില്ലകളില്‍ കൂടുതല്‍ നിരീക്ഷണം ഉണ്ടായിരിക്കും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ആളുകളുടെ സഞ്ചാരത്തിനും ഒത്തുചേരലിനും നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് മടങ്ങുന്ന അയ്യപ്പ തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആളുകളുടെ സഞ്ചാരത്തിനും ഒത്തുകൂടുന്നതിനും നിലവില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.

അതിര്‍ത്തിയില്‍ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനു പുറമേ, പരിശോധന വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്, കൂടാതെ രോഗലക്ഷണങ്ങളും സംശയാസ്പദമായ കേസുകളും ഉള്ളവരോട് നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.സാഹചര്യം കണക്കിലെടുത്ത് തുടര്‍നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് ദിനേഷ് ഗുണ്ടു റാവു അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *