കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിനെ അധിക്ഷേപിച്ച നടപടിയില്‍ കേരള കോണ്‍ഗ്രസ് പ്രതിഷേധിച്ചു

Local News

കടുത്തുരുത്തി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ സീനിയര്‍ നേതാക്കളില്‍ ഒരാളുമായ പി.ജെ. ജോസഫ് എംഎല്‍.എ. യ്‌ക്കെതിരെ സി.പി.എം. നേതാവ് എം.എം. മണി എം.എല്‍.എ. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അപഹാസ്യമായ പ്രസംഗങ്ങളിലും പ്രസ്താവനയിലും കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. ഉന്നതരായ രാഷ്ട്രീയ നേതാക്കളെ വ്യക്തിഹത്യ നടത്തുന്ന എം.എം. മണിയുടെ തരംതാഴ്ന്ന നടപടി കേരള ജനം പുച്ഛിച്ചുതള്ളുമെന്ന് മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള പി.ജെ. ജോസഫ് എം.എല്‍.എ. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളോടപ്പമാണ് 1970 കളില്‍ കേരള നിയമസഭയിലേക്ക് കടന്നുവരുന്നത്. 50 വര്‍ഷത്തെ നിയമസഭാ പാരനമ്പര്യമുള്ള പി.ജെ. ജോസഫിനെ സമീപകാലത്ത് നിയമസഭയില്‍ എത്തിയ എം.എം. മണി ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത് മാന്യമായ നിയമസഭാ പാരമ്പര്യം തീരെ കുറവായതുകൊണ്ടാണെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി. അവികസിത പ്രദേശമായിരുന്ന തൊടുപുഴ നിയോജകമണ്ഡലത്തെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനം നടക്കുന്ന നിയമസഭാ മണ്ഡലം ആക്കിയത് പി.ജെ. ജോസഫ് എം.എല്‍.എ.യുടെ അശ്രാന്ത പരിശ്രമവും ദീര്‍ഘവീക്ഷണവും കൊണ്ടാണെന്നുള്ള വസ്തുത തൊടുപുഴയിലെ ജനങ്ങള്‍ക്ക് ഉത്തമ ബോദ്ധ്യമുള്ളതാണ്.

തൊടുപുഴ മണ്ഡലത്തെ വികസനത്തിന്റെ തൊടുപുഴയാക്കി മാറ്റിയ പി.ജെ. ജോസഫ് എം.എല്‍.എ. യെ നാടിന്റെ അനുഗ്രഹമായിട്ടാണ് മുഴുവന്‍ ജനങ്ങളും കാണുന്നത്. കേരളത്തിന്റെ രാഷ്ട്രീയ വേദികളെ മലിനമാക്കുന്ന നിലയില്‍ പിച്ചും പേയും വിളിച്ചുപറയുന്ന എം.എം. മണിയെപ്പോലുള്ളവരാണ് കേരള രാഷ്ട്രീയത്തിന്റെ ശാപമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *