കണ്ണൂർ: കാസർകോട് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനിടെ പത്മജയ്ക്കെതിരെ താൻ ഒരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം സി.കെ പത്മനാഭൻ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.താൻ ഒരിക്കലും തിരക്കില്‍ തള്ളികയറി മുൻപില്‍ നില്‍ക്കുന്നയാളല്ല. പത്മജയുടെ പിതാവ് ലീഡർ കരുണാകരനുമായി വ്യക്തിപരമായ ബന്ധം ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റായിരുന്ന കാലത്ത് പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കുള്ളില്‍ താൻ നേരിടുന്ന പ്രശ്നങ്ങളും സ്വകാര്യ ദുഃഖങ്ങളും ലീഡർ താനുമായി പങ്കു വെച്ചിരുന്നു. തനിക്ക് അന്ന് വൈകുന്നേരം അഞ്ചരയ്ക്ക് കണ്ണൂരിലേക്ക് ട്രെയിനില്‍ വരേണ്ട കാര്യമുള്ളതു കൊണ്ടാണ് പരിപാടി അവസാനിക്കുന്നതിനിടെ മടങ്ങിയത്. എന്നാല്‍ ഉദ്ഘാടകനായി തന്നെ നിശ്ചയിക്കാത്തത് സംഘാടകരുടെ ഔചിത്യ കുറവാകാമെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.
ഉദ്ഘാടനം ചെയ്യുന്നത് വലിയ കാര്യമൊന്നുമല്ല .ഓട്ടോറിക്ഷയ്ക്കു വന്ന് ഉദ്ഘാടനം ചെയ്തു ഓട്ടോറിക്ഷയില്‍ തന്നെ മടങ്ങുന്ന പാരമ്ബര്യമുള്ളയാളുകളാണ് ഞങ്ങളൊക്കെ. എന്നാല്‍ പുതിയ കാലത്ത് ചില പ്രവണതകളൊക്കെ പാർട്ടിയിലും കടന്നു വരുന്നുണ്ട്. അതൊക്കെ തെരഞ്ഞെടുപ്പ് കഴിയട്ടെ അത്തരം മൂല്യങ്ങളെ കുറിച്ചു അപ്പോള്‍ പറയാം. അത്തരം കാര്യങ്ങള്‍ കാലം തെളിയിക്കും.
യുദ്ധത്തിലും പ്രണയത്തിലും വിജയിക്കുക തന്നെയാണ് മുഖ്യം. രാമമന്ത്രവും കൃഷ്ണ തന്ത്രവുമാണ് അതിൻ്റെ ടെക്നോളജിയായ ബി.ജെ.പി സ്വീകരിക്കുക. കേരളവും ഭാരതത്തിൻ്റെ വികസന വഴിയിലേക്ക് വരും. കോണ്‍ഗ്രസിൻ്റെ മുൻമുഖ്യമന്ത്രിമാരുടെ മക്കളില്‍ ഇനി പ്രതീക്ഷ ചാണ്ടി ഉമ്മനില്ലെന്ന് സി.കെ. പമ്മനാഭൻ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ഇടിച്ചുകയറുകയാണ് ഇടികൊണ്ടു പരുക്കേല്‍ക്കാതെ തങ്ങള്‍ നോക്കുമെന്നും സി.കെ പത്മനാഭൻ പറഞ്ഞു.