ഭൂരഹിതരായ എല്ലാവർക്കും ഭൂമി നല്‍കാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കഴിയുന്നത്ര വേഗത്തില്‍ ഈ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാറില്‍ റവന്യൂ വകുപ്പ് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആസ്ഥാന മന്ദിരമായ റവന്യൂ ഭവന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതരില്ലാത്ത കേരളമെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും പട്ടയം ആഗ്രഹിച്ചു നില്‍ക്കുന്നവർക്കു കഴിയുന്നത്ര വേഗത്തില്‍ പട്ടയം ലഭ്യമാക്കും. ലാൻഡ് ട്രിബ്യൂണലുകളിലെ പട്ടയ അപേക്ഷകള്‍ പട്ടയ മിഷനിലൂടെ വേഗത്തില്‍ നല്‍കാനാകണം. സംസ്ഥാനത്തു ഭൂരഹിതരുടെ കണക്കു വിവിധ രീതികളില്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂർത്തിയായാല്‍ താലൂക്ക് ലാൻഡ് ബോർഡുകളിലെ മിച്ചഭൂമി കേസുകള്‍ സമയബന്ധിതമായി തീർപ്പാക്കും. പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ വിവിധ രീതികളില്‍ റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴര വർഷത്തിനിടെ ഏഴായിരത്തോളം ആദിവാസികള്‍ക്കു ഭൂമി ലഭ്യമാക്കി. 6000 ഏക്കർ ഭൂമി ഇവർക്കായി വിതരണം ചെയ്യാൻ കഴിഞ്ഞു. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം വിവിധ ജില്ലകളിലായി 45 ഏക്കർ ഭൂമി വാങ്ങി. അത് ആദിവാസി കുടുംബങ്ങള്‍ക്കു വിതരണം ചെയ്യും. ഇതിനു പുറമേ 21 ഏക്കർ കൂടി വാങ്ങുന്നതിന് അംഗീകാരമായിട്ടുണ്ട്. 7693 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാൻ കേന്ദ്രാനുമതി നേടിയെടുത്തു. ഇതില്‍ 2000 ഏക്കറോളം വിതരണം ചെയ്തുകഴിഞ്ഞു. ആദിവാസി വിഭാഗത്തില്‍നിന്നുതന്നെയുള്ള 3647 പേർക്കാണ് ഇതിന്റെ ഗുണഫലം അനുഭവിക്കാനായത്.
ഭൂമിയുടെ കൈവശാവകാശം ലഭ്യമാകുന്നതുപോലെതന്നെ പ്രാധാന്യമുള്ളതാണു ഭൂരേഖ കൃത്യമായി ലഭ്യമാക്കുകയെന്നതും. റീസർവേ നടപടികള്‍ വേണ്ടത്ര വേഗത്തിലായില്ലെന്നു തിരിച്ചറിഞ്ഞു ഡിജിറ്റല്‍ റീസർവേ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഡിജിറ്റല്‍ റീസർവേ പദ്ധതിക്കു മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. റീസർവേ നടപടികളില്‍ മുൻകാലങ്ങളിലുണ്ടായ ന്യൂനതകളെല്ലാം പരിഹരിച്ചു സമയബന്ധിതമായി പൂർത്തീകരിക്കും. നൂതന സാങ്കേതികവിദ്യ ശരിയായ രീതിയില്‍ ഉപയോഗിച്ച് അതിന്റെ ഗുണം ജനങ്ങളിലേക്കെത്തിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. പൂർണമായും ഡിജിറ്റലൈസ് ചെയ്ത റെക്കോഡുകള്‍ തയാറാക്കലാണു ലക്ഷ്യമിടുന്നത്. യൂണീക് തണ്ടപ്പേർ സംവിധാനത്തില്‍ ഭൂമിയുടെ കൈവശാവകാശത്തില്‍ കൃത്രിമം നടത്താൻ പറ്റില്ല. ഭൂമിയുടെ കൈവശാവകാശ കാര്യത്തില്‍ ഇരട്ടിപ്പുമുണ്ടാകില്ല. വില്ലേജ്തല ജനകീയ സമിതികളിലൂടെ പൊതുജനങ്ങളുടെ ഭൂമിസംബന്ധമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.
ജനങ്ങളുടെ സേവനം ലക്ഷ്യംവച്ചു നൂതന സാങ്കേതികവിദ്യകള്‍ എല്ലാ രംഗത്തും ഉപയോഗിക്കാൻ കഴിയണം. ഇ-ഗവേണൻസ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. ഇപ്പോള്‍ തൊള്ളായിരത്തോളം സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. വില്ലേജ് ഓഫിസുകള്‍ സ്മാർട്ട് വില്ലേജ് ഓഫിസുകളായി മാറിയതും ഇതിന്റെ ഭാഗമാണ്. ജനങ്ങള്‍ക്കു വലിയ തോതില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണം. സർക്കാർ സേവനം ജനങ്ങളെ സേവിക്കലാണ്. ഇക്കാര്യത്തില്‍ ഏതെങ്കിലുംതരത്തുള്ള വഴിവിട്ട നടപടികള്‍ ഉണ്ടാകാൻ പാടില്ല. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണു കേരളം. അഴിമതി ഏറ്റവും കുറവ് എന്നതുകൊണ്ടു മാത്രം നാം തൃപ്തരല്ല. അഴിമതി തീർത്തും ഇല്ലാതാക്കുകയാണു ലക്ഷ്യം. മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് ഇടയാക്കുന്നതെന്ന് മുൻപു പറഞ്ഞിട്ടുള്ള കാര്യമാണ്. അഴിമതിയില്ലാത്തവർക്ക് ആരുടെ മുന്നിലും തലയുയർത്തി നില്‍ക്കാൻ കഴിയും. ഈ മന്ത്രിസഭയ്ക്കും എല്ലാവർക്കുമുള്ള പ്രത്യേകതയാണത്. അഴിമതിയുടെ കാര്യംവരുമ്ബോള്‍ ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ല. ആ തലകുനിക്കാത്ത അവസ്ഥ എല്ലാവർക്കും ഉണ്ടാക്കാനാകണം. മറ്റിടങ്ങളില്‍നിന്നു കേരളത്തില്‍വന്നു വിവിധ ജോലികള്‍ ചെയ്യുന്നവരുണ്ട്. അവർ മറ്റു പലയിടത്തും ജോലി ചെയ്യുന്നവരുമാണ്. അവരില്‍ വലിയ പണം ചെലവിട്ടു ജോലി ചെയ്യുന്നവരുണ്ട്. അങ്ങനെയുള്ളവർ മറ്റു ചിലയിടങ്ങളിലേക്കു പോകുമ്ബോള്‍ ആദ്യം ഇത്ര കമ്മിഷൻ എന്ന് ഉറപ്പിക്കുന്നു. ആ കമ്മിഷൻ ചില കേന്ദ്രങ്ങളിലേക്കു പോകേണ്ടതുണ്ട്. അങ്ങനെ ഒരുതരത്തിലുള്ള കമ്മിഷൻ ഏർപ്പാടുമില്ലാത്ത സംസ്ഥാനമാണു കേരളം. അതുകൊണ്ടാണ് തലയുയർത്തി പറയാൻ കഴിയുമെന്നു പറഞ്ഞത്. ഇന്നത്തെ കാലത്തു വല്ലാതെ പണത്തിന്റെ പിന്നാലെ പോകാനുള്ള ത്വര ആരും കാണിക്കരുത്. അങ്ങനെയായാല്‍ മനസമാധാനം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. മനസമാധാനം വളരെ പ്രധാനമാണെന്നുകാണണം. മനസമാധനം തകർക്കാൻ മറ്റുള്ളവർ ശ്രമിച്ചാല്‍ തകരില്ല. നിങ്ങള്‍ കുറ്റവാളിയാണെന്ന ചിന്ത വന്നാല്‍ മാത്രമേ തകരൂ. കുറ്റം ചെയ്യുന്നില്ലെങ്കില്‍ ഒരു പ്രശ്നവുമില്ല. എന്തു വന്നാലും തലയുയർത്തി അതിനെ നേരിടാനാകും. അല്ലെങ്കില്‍ തല തനിയെ താണുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസില്‍ വ്യാപാരി സുഹൃത്തുക്കള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്ന് വാണിജ്യ രംഗത്തിനായി ഒരു വകുപ്പുണ്ടാകണമെന്നതായിരുന്നു. അതു ശരിയായ നിർദേശമായി സർക്കാരിനു തോന്നി തത്വത്തില്‍ സ്വീകരിക്കുകയും അതിന്റെ ആദ്യപടിയായി ഒരു സംവിധാനം വ്യവസായ വാണിജ്യ വകുപ്പില്‍ത്തന്നെ വാണിജ്യത്തിനായി ഒരു സംവിധാനം ഒരുക്കുന്നതിന് മന്ത്രിസഭതീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അത് അവർ പ്രതീക്ഷിക്കുന്ന രീതിയിലുള്ള വകുപ്പ് എന്ന നിലയിലേക്കു നീങ്ങുകയെന്നതാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര വർഷംകൊണ്ട് ഭൂരഹിതരായിരുന്ന ഒന്നര ലക്ഷം പേരെ ഭൂമിയുടെ ഉടമകളാക്കി മാറ്റാൻ കഴിഞ്ഞെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ‘ഭൂരഹിതരില്ലാത്ത കേരളം’ എന്ന ലക്ഷ്യത്തിലേക്കു സംസ്ഥാനം നീങ്ങുകയാണ്. പുതുതായി നിർമാണം ആരംഭിക്കുന്ന റവന്യൂ ആസ്ഥാന മന്ദിരം ഒരു വർഷംകൊണ്ടു നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കവടിയാറിലെ റവന്യൂ ആസ്ഥാന മന്ദിര നിർമാണ പ്രദേശത്തു നടന്ന ചടങ്ങില്‍ മന്ത്രിമാരായ ജി.ആർ. അനില്‍, വി. ശിവൻകുട്ടി, വി.കെ. പ്രശാന്ത് എം.എല്‍.എ, അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ലാൻഡ് റവന്യൂ കമ്മിഷണർ എ. കൗശിഗൻ, ജോയിന്റ് കമ്മിഷണർ എ. ഗീത, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, വാർഡ് കൗണ്‍സിലർ എസ്. സതികുമാരി, സർവീസ് സംഘടനാ പ്രതിനിധികളായ എം.എ. അജിത് കുമാർ, ജയചന്ദ്രൻ കല്ലിങ്കല്‍, അശ്വിനി കുമാർ എസ്. തുടങ്ങിയവർ പങ്കെടുത്തു.