ഒടുവിൽ ആരാധകരെ നിരാശരാക്കിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തി; സഹൽ അബ്ദുൽ സമദ് ക്ലബ്ബ് വിട്ടു.സഹദ് മഞ്ഞപ്പട വിടുകയാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.വളരെ ഞെട്ടലോടെയും നിരാശയോടെയുമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ വാർത്ത കേട്ടത്.ഇപ്പോഴിതാ ക്ലബ്ബിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം കൂടി വന്നതോടെ ഒരു പ്രിയ താരത്തെ കൂടി നഷ്ടമായതിന്റെ നിരാശയിലാണ് ആരാധകർ.
സഹലിനെ വിൽക്കാനുള്ള ധാരണയിൽ എത്തിയതായി വെള്ളിയാഴ്ച ഉച്ചയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തതോടെ മോഹൻ ബഗാൻ ആയിരിക്കും സഹാലിന്റെ പുതിയ തട്ടകം.
ആറ് വർഷങ്ങൾക്ക് ശേഷമാണ് സഹൽ ബ്ലാസ്റ്റേഴ്സ് വിടുന്നത്.മോഹൻ ബഗാനുമായി മൂന്ന് വർഷത്തെ കരാറിലാകും സഹൽ ഒപ്പുവെയ്ക്കുക. സഹലിന് ഇവിടെ പ്രതിവർഷം 2.5 കോടി രൂപയായിരിക്കും വേതനം ലഭിക്കുക.
2017ൽ ക്ലബ്ബിൽ ജോയിൻ ചെയ്ത സഹൽ ഇതുവരെ 97 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് അണിഞ്ഞിട്ടുണ്ട്.10 ഗോളുകളും 8 അസിസ്റ്റും താരം ഐഎസ്എല്ലിൽ നേടി.ക്ലബ്ബിലെ മികച്ച ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ ആയിരുന്നു സഹൽ.
2025 വരെ ബ്ലാസ്റ്റേഴ്സിൽ സഹലിന് കരാറുണ്ടായിരുന്നു.എന്നാൽ ഇത് പൂർത്തിയാക്കാതെയാണ് സഹലിന്റെ മടക്കം.അതേസമയം തങ്ങളുടെ ക്ലബ്ബിലേക്ക് സഹലിനെ എത്തിക്കുന്നതിന്റെ ആവേശത്തിലാണ് മോഹൻ ബഗാൻ.അടുത്തിടെ അനിരുദ്ധ് ഥാപ്പയെ ചെന്നൈയിൻ എഫ്സിയിൽ നിന്നും മോഹൻ ബഗാൻ ക്ലബ്ബിലേക്ക് എത്തിച്ചിരുന്നു.