ബ്ലാസ്റ്റേഴ്സ് മത്സരം; അധിക സർവീസ് നടത്താൻ ഒരുങ്ങി കൊച്ചി മെട്രോ

Kerala Sports

കൊച്ചി: ഒക്ടോബര്‍ 21ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ത്യൻ സൂപ്പര്‍ ലീഗ് മത്സരം നടക്കുന്നതിനാല്‍ കൊച്ചി മെട്രോ അധിക സര്‍വ്വീസ് ഒരുക്കുന്നു.ജെഎല്‍എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്‌എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സര്‍വ്വീസ് 11.30ന് ആയിരിക്കും. രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. മെട്രോയില്‍ ജെഎല്‍എൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവര്‍ക്ക് റോഡ് മുറിച്ച്‌ കടക്കാതെ മെട്രോ സ്റ്റേഷന് അകത്ത് നിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്.

കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധികസര്‍വ്വീസ് ഏര്‍പ്പെടുത്തുന്നുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാര്‍ക്ക് സൗകര്യം ഉപയോഗിക്കാൻ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. തൃശൂര്‍, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലത്ത് ബസ്സുകളും കാറുകളും പാര്‍ക്ക് ചെയ്ത ശേഷം മെട്രോയില്‍ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും. 50 കാറുകളും 10 ബസ്സുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.

പറവൂര്‍, കൊടുങ്ങല്ലൂര്‍ വഴി ദേശീയപാത 66ല്‍ എത്തുന്നവര്‍ക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാര്‍ക്കിംഗില്‍ വാഹനം പാര്‍ക്ക് ചെയ്ത് മെട്രോയില്‍ ജെഎല്‍എൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. 15 ബസ്സുകളും 30 കാറുകളും ഇടപ്പള്ളിയില്‍ പാര്‍ക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത് നിന്ന് റോഡ് മാര്‍ഗ്ഗം വരുന്നവര്‍ക്ക് വൈറ്റിലയില്‍ നിന്ന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് എസ് എൻ ജംഗ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളില്‍ നിന്ന് മെട്രോ സേവനം ഉപയോഗിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *