തിരുവനന്തപുരം:
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിലായി കേരളത്തിലെ 45 സഹകരണ ബാങ്കുകൾ. അയ്യന്തോളിനും കരുവന്നൂരിനും പിന്നാലെ ഈ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. ഇതിനായി വിവരങ്ങൾ ഇ.ഡി നേരത്തേതന്നെ ശേഖരിച്ചതായി സഹകരണ വകുപ്പിലെ ഉന്നതർക്കും അറിയാം.
കേന്ദ്ര സഹകരണ നയത്തിൽ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്റ്റ്‌വെയർ എന്ന സംവിധാനത്തിൽനിന്നു കേരളം മാറിനിന്നതും ഇ.ഡിയും ആദായനികുതിവകുപ്പും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഭയന്നാണ്. നോട്ട് നിരോധന സമയത്തു മാറ്റിക്കൊടുക്കുന്ന നോട്ടുകളുടെ കണക്കുകൾ സൂക്ഷിക്കണമെന്നു നിർദേശം നൽകിയെങ്കിലും നടപടി സർക്കുലറിൽ ഒതുങ്ങിയെന്നു തെളിയിക്കുന്നതാണു കരുവന്നൂർ ബാങ്കിലെ തട്ടിപ്പ്.
നിക്ഷേപകന്റെ കെവൈസി (അക്കൗണ്ട് രേഖകൾ) സൂക്ഷിക്കാതിരിക്കുകയും ഉറവിടം അറിയിക്കാത്ത പണം സ്വീകരിക്കുകയും ചെയ്താൽ അതു കള്ളപ്പണം എന്നാണ് ഇഡിയുടെ നിഗമനം. ഇത്തരത്തിലുള്ള നിക്ഷേപങ്ങളിലെല്ലാം ചോദ്യം വരും. നികുതി അടയ്ക്കുകയും വേണം. ആദായനികുതി വകുപ്പിന്റെ നിരീക്ഷണവും കേരളത്തിലെ സഹകരണ ബാങ്കുകളിലേക്കു വന്നിട്ടുണ്ട്. സഹകരണ ബാങ്കിൽ വോട്ടവകാശമുള്ള അംഗങ്ങൾ മാത്രമേ നിക്ഷേപം നടത്താവൂ എന്നാണ് ആർബിഐ നിയമം. എന്നാൽ കേരളം ഇത് അംഗീകരിക്കുന്നില്ല.
നോമിനൽ അംഗത്വം നൽകിയാണ് നിക്ഷേപവുമായി വരുന്നവരുടെ നിക്ഷേപം സ്വീകരിക്കുന്ന രീതി. ഇത് അംഗീകരിക്കില്ലെന്ന ആദായനികുതിവകുപ്പിന്റെ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണു കേരളം. ഇത്തരം നിക്ഷേപകരെ സംശയത്തോടെയാണ് ആദായനികുതിവകുപ്പ് കാണുന്നത്. വലിയ നിക്ഷേപം പോലും പലപ്പോഴും പല അക്കൗണ്ടുകളിലേക്കു വിന്യസിച്ചാണ് ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്.