കെഡിപിയിൽ വിഭാഗീയത; ആലപ്പുഴയിൽ കൂട്ടരാജി

Kerala

കൊച്ചി: മാണി സി കാപ്പൻ എംഎൽഎ യുടെ നേതൃത്വത്തിലുള്ള കേരള ഡമോക്രാറ്റിക് പാർട്ടി (കെ.ഡി.പി) നേതാക്കളുടെ ഒരു യോഗം ആലപ്പുഴ വെച്ച് കൂടി കെഡിപിയിൽ നിന്നും പുറത്തു പോകാൻ തീരുമാനിച്ചു. പാർട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി മാണി സി കാപ്പൻ നിയമിച്ച കെ.ജെ ജോസ് മോൻ്റെ ഏകാധിപത്യ നിലപാടിലും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിലും പാർട്ടി രൂപീകരിച്ചപ്പോൾ സ്വീകരിച്ച മതേതര ജനാധിപത്യ കാഴ്ചപ്പാടിൽ വരുത്തിയ മാറ്റത്തിലും പ്രതിഷേധിച്ചാണ് കെ ഡി പി വിടാൻ തീരുമാനമെടുത്തത്. ആലപ്പുഴയിൽ നടന്ന നേതൃയോഗത്തിൽ കെ.ഡി.പി സീനിയർ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: അഹമ്മദ് അമ്പലപ്പുഴ അദ്ധ്യക്ഷത വഹിച്ചു.

യുവജന വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റും പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മൻസൂർ റഹ്‌മാനിയ, കെ.ഡി.പി ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ബിജു കോട്ടപ്പള്ളി, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഹാഷിം വീയപുരം, ജില്ലാ ട്രഷററും ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റുമായ സുധീർ നാലുകെട്ട്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജിധിൻ പുളമേക്കാട്, റ്റി.കെ അശോകൻ, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി.ദിലീപൻ, ചെങ്ങന്നൂർ നിയോജക മണ്ഡലം സ്ഥാപക പ്രസിഡൻറ് ഹരികുമാർ ശിവാലയം. അനൂർ നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.യൂസഫ്, ചേർത്തല നിയോജക മണ്ഡലം പ്രസിഡൻ സജി മാൽ കെഡി.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ ബിന്ദു ചവറ, ലിഷാദ് ഉനൈസ് തുടങ്ങിയവരും നേതൃയോഗത്തിൽ സംബന്ധിച്ചു. ആലപ്പുഴ ജില്ലയിൽ കമ്മറ്റികളുള്ള എട്ടു നിയോജക മണ്ഡലങ്ങളിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലെ ഭാരവാഹികളും പ്രവർത്തകരും പൂർണ്ണമായും കെ.ഡി.പി വിട്ടിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ ഭാഗീകമായി നേതാക്കളും പ്രവർത്തകരും പാർട്ടി വിടാൻ തീരുമാനമെടുത്തിട്ടുണ്ട്. സമാന ചിന്താഗതിക്കാരുടെ യോഗങ്ങൾ കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ ഉടനെ നടക്കുമെന്നും സഹപ്രവർത്തകരുമായി കൂടി ആലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും അഹമ്മദ് അമ്പലപ്പുഴ അറിയിച്ചു.

എൻ.സി.പിയിൽ നിന്ന് രാജിവെച്ച് ജോസുമോനോടൊപ്പം കെ.ഡി.പി യിൽ വന്ന് സംസ്ഥാന വൈസ് പ്രസിഡൻറായ റോയി വാരിക്കാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് പ്ലാച്ചേരി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജെയിംസ് കുരുവിത്തടം, ചവറ ശ്രീകുമാർ, കെ.ഡി.വി.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ദയാ വിനോദ് തുടങ്ങി എൻ.സി.പി വിട്ട് കെ.ഡി.പി യിൽ ചേർന്ന ജോസ്മോൻ ഒഴികെ മുഴുവൻ നേതാക്കളും പ്രവർത്തകരും കെ.ഡി.പി യിൽ നിന്ന് രാജി വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *