മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ ജ്വലിച്ച കവിയൂർ പൊന്നമ്മ വിട വാങ്ങുമ്പോൾ നഷ്ടമാകുന്നത് പകരം വയ്ക്കാനില്ലാത്ത കലാപ്രതിഭ കൂടിയാണ്. മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചതിനെ ചികിത്സയിൽ ആയിരുന്നു. രോഗം കവിയൂർ പൊന്നമ്മയുടെ ജീവൻ കവർന്നെടുത്തപ്പോൾ കണ്ണുനീർ പൊഴിച്ചവർ ഏറെയാണ്. മാതൃത്വം അതിന്റെ എല്ലാ വൈകാരികതയും നിലനിർത്തി കൃത്യമായി അവതരിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ചാണ് അവർ കടന്നു പോകുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമല്ലായിരുന്നു അവർ. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നടി വടക്കന്‍ പറവൂരിലെ കരിമാളൂരിലുള്ള വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രമുഖ നടന്മാരായ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മയായി പൊന്നമ്മ വേഷം അണിഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി ആറിനാണ് പൊന്നമ്മ ജനിച്ചത്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോൾ കവിയൂരിൽനിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്കു താമസം മാറി. അച്ഛനിൽനിന്നു പകർന്നുകിട്ടിയ സംഗീതതാൽപര്യത്താൽ കുട്ടിക്കാലം മുതൽക്കേ സംഗീതം പഠിച്ചിരുന്നു. തോപ്പിൽ ഭാസിയുടെ മൂലധനത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് അതേ നാടകത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്താൽ നായികയാകേണ്ടിവന്നു. പിന്നെ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആർട്സ്ക്ളബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ഏറെ അഭിപ്രായങ്ങൾക്ക് വഴിവെച്ചു. പതിനാലാം വയസ്സിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. മെറിലാൻഡിന്റെ ശ്രീരാമപട്ടാഭിഷേകത്തിൽ മണ്ഡോദരിയുടെ വേഷമായിരുന്നു. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മവഷത്തിൽ അഭിനിയിച്ചത്. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ സത്യൻ, മധു എന്നിവരുടെ അമ്മവേഷമായിരുന്നു. പിന്നീട് നെഗറ്റീവ് വേഷങ്ങളടക്കം ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, തീർഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. എട്ടോളം സിനിമകളിൽ പാടിയിട്ടുണ്ട്. ഇരുപത്തഞ്ചിലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും ആയിരുന്നു അവസാന ചിത്രം. കാലമെത്ര കഴിഞ്ഞാലും മറക്കാത്ത മരിക്കാത്ത മാതൃമുഖമായി അവരുടെ ജീവനുള്ള കഥാപാത്രങ്ങളിലൂടെ കവിയൂർ പൊന്നമ്മ ജീവിക്കുക തന്നെ ചെയ്യും.
‘മലയാളത്തിന്റെ മാതൃഭാവം’ വിട വാങ്ങുമ്പോൾ
