രാത്രി കാലങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നതും നിയമലംഘനം നടത്തുന്നതും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വിദ്യാർത്ഥികൾക്കെതിരെയും കൂട്ടു നിൽക്കുന്ന രക്ഷിതാക്കൾക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി എം പി വിനോദ്, ഇൻസ്‌പെക്ടർ എം പി ആസാദ് എന്നിവർ പറഞ്ഞു.
രാത്രികാലങ്ങളിൽ കളിക്കാനെന്ന പേരും പറഞ്ഞ് വീടുവിട്ടുറങ്ങി വിദ്യാർത്ഥികൾ ലഹരി മാഫിയയുടെ പിടിയിലകപ്പെടാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും വർധിച്ചു വരികയാണെന്നാണ് സമീപകാല കണക്കുകൾ കാണിക്കുന്നതെന്ന് എംവിഡിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് തെല്ലെങ്കിലും അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല.