എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ 2011ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്

Breaking Kerala

എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ 2011ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ്. ഇതോടെ പ്രതിഷേധവുമായി കാസർകോട് ജില്ലയിലെ ദുരിത ബാധിതർ രംഗത്തെത്തി. 2011 ഒക്ടോബറിന് ശേഷം ജനിച്ചവർ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. 2005 ഒക്ടോബർ 25നാണ് കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത്. എൻഡോസൾഫാൻ ആഘാതം ആറ് വർഷം മാത്രമേ നിലനിൽക്കൂ എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.
ഇതോടെ 6728 പേരുടെ പട്ടികയിൽ നിന്ന് ആയിരത്തിലേറെ കുട്ടികൾ പുറത്താകും. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവരാണിവർ. സർക്കാരിൻറെ മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. 2011ന് ശേഷവും ഒട്ടേറെ കുഞ്ഞുങ്ങൾ ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ആരോഗ്യ വകുപ്പിൻറെ ഇത്തരമൊരു ഉത്തരവിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് എൻഡോസൾഫാൻ ദുരിത ബാധിതർ പറയുന്നത്. ഉത്തരവ് എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
വാഹന സൗകര്യം ഇല്ലാതായി പിന്നാലെ സൗജന്യ മരുന്ന് വിതരണവും നിലക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ഓ​ഗസ്റ്റിൽ ദുരിത ബാധിതർ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. പദ്ധതി പൂർണ്ണമായി നിർത്താനുള്ള ശ്രമമാണെന്നാണ് എൻഡോസൾഫാൻ ദുരിത ബാധിതർ പറഞ്ഞിരുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ മരുന്ന്, പഞ്ചായത്തുകളിലെ പിഎച്ച്സികൾ വഴിയും നീതി സ്റ്റോറുകൾ വഴിയുമാണ് വിതരണം ചെയ്തിരുന്നത്.
കാസർകോട് ജില്ലയിൽ പുല്ലൂർ പെരിയ, കയ്യൂർ ചീമേനി എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് ഇപ്പോൾ സൗജന്യ മരുന്ന് വിതരണമുള്ളത്. കള്ളാറും കാറഡുക്കയും അടക്കമുള്ള പഞ്ചായത്തുകളിൽ മരുന്ന് വിതരണം നിർത്തിയിട്ട് മാസങ്ങളായതായും അവർ പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള സെൽ യോഗം അവസാനമായി ചേർന്നത് ജനുവരിയിലാണ്. സെല്ലിൻറെ ചുമതലയുള്ള മന്ത്രി റിയാസ് ജില്ലയിൽ എത്തിയിട്ടും യോഗം വിളിച്ചില്ലെന്നും വ്യാപക ആക്ഷേപമുയർന്നിരുന്നു.
നേരത്തെ കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് കാട്ടി ഇരകളായവർ നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കിയിരുന്നു. ഇരകളുടെ ചികിത്സ സംബന്ധിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നടപടികൾ നിരീക്ഷിക്കണം. കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിക്കൊണ്ടായിരുന്നു തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *