കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നിൽ തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്ഥിരനിക്ഷേപം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ജോഷിക്ക് ആശ്വാസം. ജോഷിക്ക് കരുവന്നൂർ ബാങ്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി. ജോഷിയുമായി ബാങ്ക് സിഇഒ രാകേഷ് ചർച്ച നടത്തിയതിനു പിന്നാലെയാണ് ചെക്ക് നൽകിയത് എന്നാണ് പുറത്തു വരുന്ന വിവരം.
ബാക്കി തുക മൂന്നു മാസത്തിനുള്ളിൽ നൽകാമെന്ന് ബാങ്ക് ഉറപ്പുനൽകി. ജോഷിയുടെ പേരിലുള്ള നിക്ഷേപ തുകയും പലിശയും ചേർത്താണ് 28 ലക്ഷം രൂപയുടെ ചെക്ക് നൽകിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ജോഷി കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിലെത്തിയത്. ബാങ്കിന് മുന്നിൽ ജോഷി കുത്തിയിരിപ്പ് സമരം നടത്തിയതിനു പിന്നാലെയാണ് ബാങ്കിൻ്റെ നടപടി ഉണ്ടായത്.
നിക്ഷേപിച്ച 75 ലക്ഷം രൂപ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഇതിൽ 28 ലക്ഷം രൂപ നൽകിയാണ് ബാങ്ക് തത്കാലം ജോഷിയെ ആശ്വസിപ്പിച്ചത്. ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സർക്കാരിനെയും സമീപിച്ച കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷി ആന്റണിക്ക് പണം തിരികെ നൽകുമെന്ന് മന്ത്രി വി എൻ വാസവൻ ഉൾപ്പെടെ ഉള്ളവർ ഉറപ്പ് നൽകിയിരുന്നു.