കാരുണ്യജ്യോതി വാർത്താമാസിക പ്രകാശനം

Local News

കടുത്തുരുത്തി: അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യ കുടുംബശ്രീയുടെ കാരുണ്യജ്യോതി വാർത്താമാസികയുടെ പ്രകാശനം നാളെ ഉച്ചകഴിഞ്ഞ് 2.00-ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവ്വഹിക്കും. ‘കാരുണ്യ ജ്യോതി’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന വാർത്താമാസികയിൽ കുടുംബശ്രീ യൂണിറ്റുകളിലെ വാർത്ത കളോടൊപ്പം അംഗങ്ങളുടെ കഥകളും കവിതകളും ലേഖനങ്ങളും ജില്ലാമിഷന്റെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങൾ തന്നെയാണ് മാസികയുടെ വിതരണക്കാരും. പഞ്ചായത്തിലെ ആറാം വാർഡിലെ കുടുംബശ്രീ യൂണിറ്റായ കാരുണ്യയുടെ സെക്രട്ടറി കവിത ടോമിയാണ് എഡിറ്റിംഗും ഒട്ടും നിർവ്വഹിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിലെ മികച്ച സിഡിഎസിനുള്ള ബഹുമതിയും സംസ്ഥാന മിഷന്റെ മൈക്രോ ഫിനാൻസിനുള്ള സ്പെഷ്യൽ ജൂറി അവാർഡും താലൂക്ക് തലത്തിലുള്ള മികച്ച സിഡിഎസിനുള്ള മലയാള മനോരമ അവാർഡുമൊക്കെ വേറിട്ടതും മികച്ചതുമായ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി അതിരമ്പുഴ സിഡി എസിനെ തേടിയെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീ യൂണിറ്റിൽ നിന്നും കുടുംബശ്രീ അംഗങ്ങൾക്കായി ഒരു മാസിക പ്രസിദ്ധീകരിക്കുന്നത് എന്ന പ്രാധാന്യവും ഇതിനുണ്ട്. കുടുംബശ്രീ അംഗങ്ങൾ തനിച്ചും കൂട്ടായും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി നാടിന് മാതൃകയായിട്ടുണ്ടെങ്കിലും ആദ്യമായാണ് കുടുംബശ്രീ കൂട്ടായ്മ പ്രസിദ്ധീകരണ രംഗത്തേക്ക് കടന്നുവരുന്നത്. മാസികയിലെ കൂടുതൽ വിഭവങ്ങളും എഴുത്തിലും സാഹിത്യത്തിലും താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ബാലസഭയിലെ കുട്ടികളും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *