ചെന്നൈ: വീട്ടുസഹായിയായി ജോലി ചെയ്തിരുന്ന പതിനെട്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ കേസ്.ചെന്നൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ കല്ലുറിച്ചി ജില്ലയില്‍ നിന്നുള്ള 18 കാരിയായ ദളിത് പെണ്‍കുട്ടിയോട് കരുണാനിധിയുടെ മകനും മരുമകളും ക്രൂരത കാട്ടിയെന്നാണ് പരാതി. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്ന കുട്ടി ഡിഎംകെ നേതാവിന്റെ മകന്റെ വീട്ടില്‍ ഹെല്‍പ്പറായി ജോലിക്ക് വന്നത് പരിശീലനത്തിന് പണം കണ്ടെത്താനാണ്. ഒരു വര്‍ഷമായി കുട്ടി ജോലിക്ക് വരുന്നതായാണ് റിപ്പോര്‍ട്ട്.
പൊങ്കല്‍ അവധിക്കാലത്ത് പെണ്‍കുട്ടി കല്ലുറിച്ചിയിലെ ഉളുന്ദൂര്‍പേട്ടയിലുള്ള കുടുംബവീട്ടിലേക്ക് മടങ്ങി. പിന്നീട് ഗവണ്‍മെന്റ് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റത്തിന്റെയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകള്‍ കണ്ടെത്തിയ ഡോക്ടര്‍മാര്‍ ഉളുന്ദൂര്‍പേട്ട് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വീട്ടുജോലിക്ക് കൊണ്ടുപോകുമ്ബോള്‍ 17 വയസ്സായിരുന്നു. ദമ്ബതികള്‍ നിരന്തരം മര്‍ദിക്കും, സ്ലിപ്പര്‍, സ്പൂണുകള്‍, ചൂല്‍, മോപ്പ് തുടങ്ങി കൈയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിച്ച് അടിക്കും, ശരീരമാസകലം മുറിവുകള്‍ ഉണ്ടാക്കും. മരുമകളാണ് കൂടുതലും ഉപ്രദ്രവിച്ചിരുന്നതെന്നും പെണ്‍ക്കുട്ടി പറഞ്ഞു. വിഷയം ഡിഎംകെയുടെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നതെന്നും നടപടിവേണമെന്നും ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈ പ്രതികരിച്ചു.