ഡല്‍ഹി: രാഷ്ട്രീയ രജ്പുത് കർണി സേന നേതാവ് സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതക കേസിലെ പ്രതികൾ പിടിയിൽ. രണ്ട് ഷൂട്ടർമാരെയും ഒരു സഹപ്രവർത്തകനെയുമാണ് ഡൽഹി ക്രൈംബ്രാഞ്ചും ചണ്ഡീഗഢ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത്.
രോഹിത് റാത്തോഡ്, നിതിൻ ഫൗജി, ഉദ്ധം എന്നിവരാണ് അറസ്റ്റിലായത്. ഗോഗമേദിയുടെ കൊലപാതകത്തിൽ ഉദ്ധം എന്ന ആളുടെ പങ്ക് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. രോഹിതിനെയും ഉദ്ധമിനെയും പോലീസ് ഡൽഹിയിലേക്ക് കൊണ്ടുവന്നു.
നിതിൻ ഫൗജി രാജസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം ആയുധങ്ങൾ ഒളിപ്പിച്ച പ്രതികൾ രാജസ്ഥാനിൽ നിന്ന് ഹരിയാനയിലെ ഹിസാറിലെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് പോയി. പിന്നീട് അവർ ചണ്ഡീഗഡിലേക്ക് മടങ്ങി, അവിടെ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
കൊലപാതകം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തലവൻ, അഡീഷണൽ ഡയറക്ടർ ജനറൽ (ക്രൈം) ദിനേശ് എംഎൻ, എന്നിവർ സംഭവത്തെക്കുറിച്ച് സ്ഥിരീകരിച്ചു.
കർണി സേന നേതാവിന്റെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ
