മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സദാചാര ഗുണ്ടായിസം ആവര്‍ത്തിക്കുന്നതായി ആക്ഷേപം. ജില്ലയില്‍ ബസ് സ്റ്റാൻഡില്‍ ഹിന്ദു മതക്കാരി വിദ്യാര്‍ഥിനിയോട് സംസാരിച്ചു നിന്ന സഹപാഠികളായ രണ്ട് മലയാളി മുസ്‌ലിം യുവാക്കളെ സദാചാര ഗുണ്ടകള്‍ വളഞ്ഞ് വിഡിയോയില്‍ പകര്‍ത്തി ചോദ്യം ചെയ്യല്‍ നടത്തി.സ്ഥലത്ത് എത്തിയ പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു.
മംഗളൂരിനടുത്ത ബണ്ട്വാള്‍ പെരുവായിലാണ് കാസര്‍കോട് ഉപ്പള സ്വദേശികളായ യുവാക്കള്‍ അക്രമത്തിന് ഇരയായത്. കുഡ്ഡുപ്പദവില്‍ നിന്ന് ബസില്‍ വന്നിറങ്ങിയ യുവാക്കള്‍ ഉപ്പളയിലേക്ക് ബസ് കാത്തു നില്‍ക്കുന്നതിനിടെ കണ്ടുമുട്ടിയ പെണ്‍കുട്ടിയോട് സംസാരിക്കുകയായിരുന്നു. ഇതോടെയാണ് ഏതാനും പേര്‍ സംഘടിച്ചെത്തി വളഞ്ഞത്. അവര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വിട്ല പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്യലിന് ശേഷം വിവരങ്ങള്‍ രേഖപ്പെടുത്തി വിട്ടയച്ചു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ സദാചാര ഗുണ്ടായിസത്തിനും ലഹരിക്കും മതവിദ്വേഷ പ്രചാരണത്തിനും എതിരെ മംഗളൂരു ആസ്ഥാനമായി പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഗുണ്ടായിസം ആവര്‍ത്തിക്കുന്നതായി ആക്ഷേപം ഉയരുകയാണ്. സഹപാഠികള്‍ക്കൊപ്പം ഉള്ളാള്‍ ബീച്ചില്‍ സായാഹ്നം ചെലവിട്ട മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളെ സദാചാര ഗുണ്ടകള്‍ അക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡോ. ജി. പരമേശ്വര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റയുടൻ മംഗളൂരുവില്‍ ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിലെ പൊലീസ് മേധാവികളുടെ യോഗം വിളിച്ച് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചത്.
എന്നാല്‍, ‘സദാചാര ഗുണ്ടകള്‍’ അവരുടെ ജോലി തുടരുന്നതായാണ് ദക്ഷിണ കന്നട ജില്ലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മംഗളൂരുവിനടുത്ത മൂഡബിദ്രിയില്‍ ബസ്സ് സ്റ്റോപ്പില്‍ സഹപാഠിയായ പെണ്‍കുട്ടികളോട് സംസാരിച്ച കോളജ് വിദ്യാര്‍ഥി സദാചാര ഗുണ്ടകളുടെ അക്രമത്തിനിരയായിരുന്നു. മൂഡബിദ്രി പ്രാന്ത്യ സ്വദേശിയും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ കെ.ഫര്‍ഹാനായിരുന്നു(19)ഇര. മൂഡബിദ്രി സ്വദേശികളായ എ. പ്രേംകുമാര്‍(24), കെ. അഭിലാഷ്(25), സഞ്ജ്ഹെഗ്ഡെ(28), പി. വിനീഷ്(27) എന്നിവര്‍ ഈ സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങി.
ബംഗളൂരുവിലേക്ക് ബസ് കാത്തു നില്‍ക്കുകയായിരുന്ന സഹപാഠികളായ രണ്ട് പെണ്‍കുട്ടികളെ കണ്ട ഫര്‍ഹാൻ അവരോട് സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇത് കണ്ട നാലംഗ സംഘം ഫര്‍ഹാനോട് തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചു വാങ്ങി. മുസ്‍ലിം ആണെന്ന് മനസ്സിലായതോടെ ഹിന്ദു പെണ്‍കുട്ടികളുമായി എന്താ കാര്യം എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിച്ചു.
സ്ക്വാഡ് ആസ്ഥാനമായ മംഗളൂരു സിറ്റി പൊലീസ് പരിധിയില്‍ ഉള്‍പ്പെടെ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പന്ത്രണ്ടാമത് സദാചാര ഗുണ്ടാ ആക്രമണമാണ് വെള്ളിയാഴ്ച നടന്നത്. ഹിന്ദു യാത്രക്കാരിയുമായി അവര്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടം പോവുകയായിരുന്ന ഓട്ടോ റിക്ഷ ഡ്രൈവര്‍ മംഗളൂരു ഉജ്റെ സ്വദേശി മുഹമ്മദ് ആഷിഖിനെ(23) അക്രമിച്ച കേസില്‍ മൂന്ന് സദാചാര ഗുണ്ടകളെ നേരത്തെ ധര്‍മ്മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ധര്‍മ്മസ്ഥല സ്വദേശികളായ എ.എം. അവിനാഷ്(26), കെ. നന്ദീപ്(20), ഉപ്പിനങ്ങാടിയിലെ വി. അക്ഷത്(22) എന്നിവരാണ് അറസ്റ്റിലായത്.
മംഗളൂരുവിലെ നാല് ഡോക്ടര്‍മാരും രണ്ടു വനിത പ്രൊഫസര്‍മാരും സഞ്ചരിച്ച കാര്‍ തടഞ്ഞ് മതം ചോദിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ സന്തോഷ് നന്ദലികെ(32), കാര്‍ത്തിക് പൂജാരി (30), സുനില്‍ മല്ല്യ മിയാര്‍(35), സന്ദീപ് പൂജാരി മിയാര്‍(33), സുജിത് സഫലിഗ തെല്ലരു(31) എന്നീ ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകരെ കാര്‍വാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മംഗളൂരുവിലെ വെബ് പത്രം റിപ്പോര്‍ട്ടര്‍ അഭിജിത്ത് സദാചാര ഗുണ്ട അക്രമത്തിന് ഇരയായ കേസില്‍ കൊടെകരുവിലെ സി. ചേതൻ(37), യെയ്യാദിയിലെ കെ. നവീൻ(43) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബണ്ട്വാള്‍ ഡിവൈ.എസ്.പി ഓഫീസിലെ ഇൻസ്പെക്ടര്‍ കുമാര്‍ ഹനുമന്തപ്പ മുസ്‌ലിം ആണെന്ന് കരുതി ഭാര്യയുമായി നടന്നു പോയ അദ്ദേഹത്തെ അക്രമിച്ച സംഭവത്തില്‍ മംഗളൂരു തുംബെ സ്വദേശികളായ എം. മനീഷ് പൂജാരി(29), കെ.എം. മഞ്ചുനാഥ് ആചാര്യ(32) എന്നിവരെ അറസ്റ്റ് ചെയ്തതാണ് മറ്റൊരു സംഭവം.