മംഗളൂരു: ദക്ഷിണ കന്നഡയില്‍ വെള്ളിയാഴ്ചയും കനത്ത മഴ തുടരുന്നു. മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുഹമ്മദിന്റെ ഭാര്യ സറീനയാണ് (47) മരിച്ചത്. കനത്ത മഴമൂലം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹന ഗതാഗതവും തടസ്സപ്പെട്ടു.
ബണ്ട്വാള്‍ താലൂക്കിലെ നന്ദവരയില്‍ കനത്ത മഴയില്‍ കുന്നിന്റെ ഒരു ഭാഗം വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീണാണ് സറീന മരിച്ചത്. മകള്‍ സഫ (20)യെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ തഹസില്‍ദാര്‍ എസ്.ബി കൂടലഗിക്കൊപ്പം താലൂക്ക് ഭരണകൂടത്തിലെ പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി. മഴക്കെടുതിയില്‍ 53 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. മുള്‍ക്കി താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും മംഗളൂരു, ബണ്ട്വാള്‍ താലൂക്കുകളില്‍ ഒന്ന് വീതവും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ചേല്യഡ്കയിലെ താഴ്ന്ന പാലം പൂര്‍ണമായും വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് വാഹന ഗതാഗതം നിലച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. കുക്കെ സുബ്രഹ്മണ്യയിലെ കുമാരധാര നദി കവിഞ്ഞു.