തൃശൂർ നാട്ടറിവ് പഠന കേന്ദ്രത്തിന്റെ നാടൻപാട്ട് കൂട്ടമായ കരിന്തലക്കൂട്ടത്തിന്റെ സ്ഥാപകനും തലയാളിയുമാണ് രമേഷ് കരിന്തലക്കൂട്ടം. 30 വർഷമായി നാടോടി വിജ്ഞാന മേഖലയിൽ പഠനങ്ങൾ നടത്തുന്നു. 2012 -ൽ കേരള ഫോക് ലോർ അക്കാദമി അവാർഡ്, 2013 -ൽ ഡോ.അംബേദ്ക്കർ പുരസ്കാരം, ആലപ്പുഴ ഇപ്റ്റയുടെ പ്രഥമ കാവാലം രംഭാമ്മ പുരസ്കാരം, കരുമാലൂർ പൊലികയുടെ പ്രഥമ ചന്ദ്രബാബു പുരസ്കാരം, തെയ്യം കലാകാരൻ ശ്രീ. ആണ്ടിപ്പണിക്കർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കരിന്തലക്കൂട്ടം, കണ്ണമുത്തൻ , ചുള്ളോത്തി , പുത്തിരി, ഇത് ഞങ്ങടെ നിങ്ങടെ നമ്മുടെ പാട്ട്, മലവാഴി തുടങ്ങിയ നാട്ടുസംഗീത ഓഡിയോ, വീഡിയോ സീഡികളും ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ഡി.സി.ബുക്സിന്റെ നാട്ടറിവ് പഠന പരമ്പരയിൽ “നാട്ടു സംഗീതം ” എന്ന പുസ്തകത്തിന്റെ എഡിറ്റർ. ചെന്നൈ, മധുര,മഹാബലിപുരം,ബാഗ്ലൂർ, ഹൈദ്രാബാദ് മുംബൈ, പൂനെ, കൽക്കത്ത, ഡൽഹി, ഒമാൻ , ബഹറിൻ, ഖത്തർ, ഷാർജ, മലേഷ്യ എന്നിവിടങ്ങളിൽ നാട്ടു സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2014-ൽ മലേഷ്യയിലെ “റെയിൻ ഫോറസ്റ്റ് ” ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലും, സംസ്ഥാന വിദ്യാരംഗ സാഹിത്യോത്സവത്തിലും, സംസ്ഥാന കേരളോത്സവത്തിലും, കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിലും പ്രധാന വിധി കർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ വിദ്യാലയങ്ങളിൽ ഫോക് ലോർ ക്ലബ്ബുകൾ രൂപീകരിച്ച് നാട്ടറിവുകൾ, നാടൻപാട്ടുകൾ, നാടോടി കൈവേലകൾ, നാട്ടുവാദ്യങ്ങൾ ….. തുടങ്ങിയവയുടെ ശില്പശാലകൾക്കും പരിശീലനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.