കാപ്പ നിയമപ്രകാരം യുവാക്കൾ അറസ്റ്റിൽ

Kerala

കടുത്തുരുത്തി: കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ സഹോദരങ്ങൾക്കെതിരെ കാപ്പ നിയമനടപടി സ്വീകരിച്ചു. ആർപ്പൂക്കര വില്ലൂന്നി ലക്ഷം കോളനിയിൽ പിഷാരത്ത് വീട്ടിൽ വിഷ്ണുദത്ത് (24), ഇയാളുടെ സഹോദരൻ സൂര്യദത്ത് (23) എന്നിവരെയാണ് കാപ്പാ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽതടങ്കലിലടച്ചത്. നിരന്തര കുറ്റവാളികളായ ഇവർക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിൽ ജില്ലയിൽ ഇതാദ്യമായാണ് ഒരു കുടുംബത്തിലെ ഗുണ്ടകളായ സഹോദരന്മാർക്കെതിരെ ഒരുമിച്ച് കാപ്പാ നിയമനടപടി സ്വീകരിക്കുന്നത്.

വിഷ്ണുദത്തിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, മണിമല, പാമ്പാടി എന്നീ സ്റ്റേഷനുകളിലും, സൂര്യദത്തിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, മണിമല എന്നീ സ്റ്റേഷനുകളിലുമായി അടിപിടി, കൊലപാതകശ്രമം, വീട് കയറി ആക്രമണം, കൊട്ടേഷൻ, എം.ഡി.എം.എ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവർ ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിലും, ഗുണ്ടാ ലിസ്റ്റിലും ഉൾപ്പെട്ടവരാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *