1983 ജൂണ്‍ 25-ന് ലോര്‍ഡ്‌സില്‍ നടന്ന ലോകകപ്പ് ഫൈനല്‍ അവസാനിച്ചപ്പോള്‍ കിം ഹ്യൂഗ്സ് നിറഞ്ഞു ചിരിച്ചു, ഇന്ത്യന്‍ ആരാധകര്‍ മതിമറന്നു ചിരിച്ചു, ക്രിക്കറ്റ് ലോകം മൂക്കത്ത് വിരല്‍ വെച്ചു. അതെ വിവ് റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡും ഗോര്‍ഡണ്‍ ഗ്രീനിഡ്ജും ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്‌സും മൈക്കള്‍ ഹോള്‍ഡിങ്ങും അണിനിരന്ന കരീബിയന്‍ കരുത്തിനെ മറികടന്ന് കപിലിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്‌സിലെ ചരിത്ര ഗാലറിയില്‍ കപ്പുയര്‍ത്തി
ഈടീം ലോകകപ്പിലെ കറുത്ത കുതിരകളാകും’, 1983-ലെ ലോകകപ്പിനു മുമ്പ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ കിം ഹ്യൂഗ്സ് പറഞ്ഞ ഈ വാക്കുകളെ അന്നത്തെ കടുത്ത ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ പോലും നല്ല അസ്സൽ ചിരിയോടെയാണ് സ്വീകരിച്ചത്. അതിനു മുമ്പ് നടന്ന രണ്ട് ലോകകപ്പിലുമായി വെറും ഒരു ജയവും ആകെ മൊത്തം 40 ഏകദിനങ്ങളുടെ പരിചയവും മാത്രമുള്ള ഒരു ടീം ഇംഗ്ലണ്ട് പോലൊരു സ്ഥലത്ത് ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ മറികടന്ന് കിരീടവുമായി മടങ്ങിയെത്തുമെന്ന് പറഞ്ഞാൽ ചിരിക്കാതെ പിന്നെങ്ങനെ?
എന്നാൽ 1983 ജൂൺ 25-ന് ലോർഡ്സിൽ നടന്ന ലോകകപ്പ് ഫൈനൽ അവസാനിച്ചപ്പോൾ കിം ഹ്യൂഗ്സ് നിറഞ്ഞു ചിരിച്ചു, ഇന്ത്യൻ ആരാധകർ മതിമറന്നു ചിരിച്ചു, ക്രിക്കറ്റ് ലോകം മൂക്കത്ത് വിരൽ വെച്ചു. അതെ വിവ് റിച്ചാർഡ്സും ക്ലൈവ് ലോയ്ഡും ഗോർഡൺ ഗ്രീനിഡ്ജും ജോയൽ ഗാർനറും മാൽക്കം മാർഷലും ആൻഡി റോബർട്ട്സും മൈക്കൾ ഹോൾഡിങ്ങും അണിനിരന്ന കരീബിയൻ കരുത്തിനെ മറികടന്ന് കപിലിന്റെ ചെകുത്താൻമാർ ലോർഡ്സിലെ ചരിത്ര ഗാലറിയിൽ കപ്പുയർത്തി. ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിന് വ്യാഴാഴ്ച 37 വയസ് തികയുകയാണ്. അന്നുവരെ കളിച്ച 52 ഏകദിനങ്ങളിൽ 38 എണ്ണത്തിലും വിജയിച്ച വിൻഡീസ് കരുത്തിനെയാണ് ക്രിക്കറ്റിന്റെ മെക്കയിൽ ഇന്ത്യ മറികടന്നത്.
ഇന്ത്യയിൽ ക്രിക്കറ്റിനെ ജീവവായുവായി കാണുന്നവർക്ക് മറക്കാനാകാത്ത ദിവസമാണ് 1983 ജൂൺ 25. ക്രിക്കറ്റിൽ പകരംവെയ്ക്കാനില്ലാത്ത കരുത്തിന് ഉടമകളായിരുന്ന വെസ്റ്റിൻഡീസിനു മുന്നിൽ ഇന്ത്യ തല ഉയർത്തിപ്പിടിച്ച ദിവസം. ഇന്ത്യൻ ക്രിക്കറ്റിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ദിനം. അന്ന് കപിലും സംഘവും തുറന്നു കൊടുത്ത വഴിയിലൂടെയാണ് പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് വളർന്നത്.
1975, 1979 ലോകകപ്പുകളിലെ ആധികാരിക വിജയങ്ങൾക്കു ശേഷം ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് വിൻഡീസ് ഇംഗ്ലണ്ടിലെത്തിയത്. അന്നും ഫേവറിറ്റുകളിൽ മുൻപന്തിയിൽ ക്ലൈവ് ലോയ്ഡ് നയിച്ച കരീബിയൻ പട തന്നെയായിരുന്നു. താരതമ്യേന ദുർബലരായ ഇന്ത്യയെ ആരും കണക്കിലെടുത്തുപോലുമില്ല.
ഫൈനലിൽ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോൾ തന്നെ വരാനിരിക്കുന്നത് അവരുടെ ബൗളിങ് നിരയുടെ കടന്നാക്രമണമായിരിക്കുമെന്ന് ഇന്ത്യൻ ടീമും ആരാധകരും ഉറപ്പിച്ചിരുന്നു. പേടിച്ചതുപോലെ തന്നെ സംഭവിച്ചു ജോയൽ ഗാർനറും മാൽക്കം മാർഷലും ആൻഡി റോബർട്ട്സും മൈക്കൾ ഹോൾഡിങ്ങും ആഞ്ഞടിച്ചപ്പോൾ 54.4 ഓവറിൽ 183 റൺസിന് ഇന്ത്യ കൂടാകം കയറി. കെ. ശ്രീകാന്ത് (38), അമർനാഥ് (26), സന്ദീപ് പാട്ടിൽ (27) എന്നിവർ മാത്രമാണ് വിൻഡീസ് ബൗളിങ്ങിനെതിരെ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.
ഇന്ത്യയുടെ പരാജയം എത്ര നേരത്തെയാകുമെന്നായിരുന്നു അന്ന് കാണികൾ കാത്തിരുന്നത്. എന്നാൽ ഇന്നിങ്സ് ബ്രേക്കിനിടെ കപിൽ തന്റെ ചെകുത്താൻമാരെ അടുത്തുവിളിച്ചു, എന്നിട്ട് പറഞ്ഞു ”അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ പരമാവധി ആസ്വദിച്ചുകളിക്കുക. പ്രത്യേകം ഓർക്കുക, അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുത്താൽ ജീവിതകാലം മുഴുവൻ ഓർത്തുവെയ്ക്കാൻ സാധിക്കുന്ന നേട്ടമാണ് ലഭിക്കാൻ പോകുന്നത്.”
ആ വാക്കുകൾ ടീമിനെ എത്രമാത്രം പ്രചോദിപ്പിച്ചിരുന്നുവെന്ന് ഇന്ത്യ കളത്തിലിറങ്ങിയപ്പോഴാണ് കണ്ടത്. ഗ്രീനിഡ്ജിനെയും ഹെയ്ൻസിനെയും തുടക്കത്തിലെ പുറത്താക്കി സന്ധുവും മദൻലാലും മികച്ച തുടക്കം നൽകി. എന്നാൽ വിൻഡീസ് അത് കാര്യമായൊന്നും എടുത്തില്ല. പിന്നീട് ക്രീസിലെത്തിയ സാക്ഷാൽ വിവിയൻ റിച്ചാർഡ്സിന്റെ ശരീരഭാഷയിൽ തന്നെയുണ്ടായിരുന്നു വിൻഡീസ് ഇന്ത്യയെ എത്ര ലാഘവത്തോടെയാണ് കണ്ടതെന്ന്. വന്നപാടേ റിച്ചാർഡ്സിന്റെ ബാറ്റിൽ നിന്ന് ഷോട്ടുകൾ ഓരോന്നായി ബൗണ്ടറിയിലെത്തി.
*പന്ത് തരൂ, ഞാൻ ശരിയാക്കിത്തരാം*
ഇന്ത്യൻ ബൗളിങ്ങിനെ റിച്ചാർഡ്സ് കശാപ്പു ചെയ്യുന്ന സമയത്ത് മദൻ ലാൽ കപിലിനടുത്തെത്തി. ” നിങ്ങളെനിക്ക് പന്തു തരൂ. ഞാൻ മുൻപ് റിച്ചാർഡ്സിനെ പുറത്താക്കിയിട്ടുണ്ട്, ഒരിക്കൽക്കൂടി എനിക്ക് അതിന് സാധിക്കും.” ഒരോവറിൽ മൂന്ന് ബൗണ്ടറികൾ അതിനു മുമ്പ് മദൻ ലാൽ വഴങ്ങിയിരുന്നു. അദ്ദേഹത്തെ മാറ്റാൻ കപിൽ ആലോചിക്കുമ്പോഴാണ് ഒരു ഓവർ കൂടി ആവശ്യപ്പെട്ട് മദൻ ലാൽ എത്തുന്നത്. മറ്റ് ബൗളർമാരും റിച്ചാർഡ്സിന്റെ തല്ലുവാങ്ങിക്കൂട്ടിയതിനാൽ കപിലിന് മറ്റു മാർഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 27 പന്തിൽ നിന്ന് ഏഴു ഫോറുകളടക്കം 33 റൺസെടുത്തിരുന്ന റിച്ചാർഡ്സിന് 28-ാം പന്തിൽ പിഴച്ചു. മദൻ ലാലിന്റെ ഷോർട്ട് ബോളിൽ പുൾഷോട്ടിനു ശ്രമിച്ച റിച്ചാർഡ്സിന്റെ ബാറ്റിൽ നിന്നും പന്ത് മിഡ്വിക്കറ്റിലേക്ക് ഉയർന്നുപൊങ്ങി.
*കപിലിന്റെ ഓട്ടം*
റിച്ചാർഡ്സിന്റെ ബാറ്റിൽ നിന്നും പന്ത് ഉയർന്നു പൊങ്ങിയപ്പോൾ മിഡ്വിക്കറ്റ് ഏരിയയിൽ ഫീൽഡർമാരൊന്നും തന്നെ ഉണ്ടായിരുന്നില്ല. കാണികൾ ശ്വാസമടക്കി കാത്തിരുന്നു. പലരും പന്ത് ബൗണ്ടറിയെന്ന് ഉറപ്പിച്ചു. എന്നാൽ കപിൽ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഷോർട്ട് മിഡ് വിക്കറ്റിൽ നിന്ന് കപിൽ ഓടി. മറ്റൊരു ഭാഗത്തു നിന്ന് യശ്പാൽ ശർമയും. ഇതുകണ്ട് ശർമയോട് ഓട്ടം നിർത്താൻ മദൻ ലാൽ അലറി. അവിശ്വസനീയമായി കപിൽ ആ ക്യാച്ച് കൈപ്പിടിയിലാക്കുമ്പോൾ അദ്ദേഹം 18 മീറ്റർ പിന്നിട്ടിരുന്നു. ആ ലോകകപ്പിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് പിറന്നുകഴിഞ്ഞിരുന്നു. അതോടെ ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നുകിട്ടുകയായിരുന്നു.
ക്ലൈവ് ലോയ്ഡും ലാറി ഗോമസും ബാച്ചുസുമെല്ലാം ചെറുത്തുനിൽപ്പില്ലാതെ മടങ്ങി. പക്ഷേ വീണ്ടും ഇന്ത്യയെ ഞെട്ടിച്ച് ജെഫ് ഡുജോണും മാൽക്കം മാർഷലും പിടിച്ചുനിന്നു. എന്നാൽ അമർനാഥ് അവിടെ ഇന്ത്യയുടെ രക്ഷയ്ക്കെത്തി. 73 പന്തുകൾ നേരിട്ട് 25 റൺസെടുത്ത ഡുജോണിന്റെ കുറ്റി പിഴുത അമർനാഥ് 51 പന്തിൽ നിന്ന് 18 റൺസെടുത്തിരുന്ന മാർഷലിനെ ഗാവസ്ക്കറുടെ കൈകളിലെത്തിച്ചു. പിന്നീട് എല്ലാം ചടങ്ങുകൾ മാത്രം. ഹോൾഡിങ്ങിനെതിരായ അമർനാഥിന്റെ എൽ.ബി അപ്പീലിന് അമ്പയർ ഡിക്കി ബേർഡിന്റെ വിരലുയരുമ്പോൾ ഇന്ത്യ ചരിത്രം രചിച്ചുകഴിഞ്ഞിരുന്നു. ആരാധകർ ലോർഡ്സിലെ മൈതാനത്തേക്കുള്ള കുതിപ്പ് ആരംഭിച്ചിരുന്നു. 52 ഓവറിൽ വിൻഡീസ് 140 റൺസിന് പുറത്ത്. ഇന്ത്യയ്ക്ക് 43 റൺസ് ജയവും പ്രഥമ ലോകകിരീടവും.