കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്വർണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി കണ്ണൂർ ജില്ല തന്നെയാണ് പോയിന്റ് നിലയിൽ മുന്നേറുന്നത്. 872 പോയിന്റുകളാണ് നിലവിൽ കണ്ണൂർ ജില്ലയ്ക്ക് ഉള്ളത്. മൂന്നുദിവസമായി പോയിന്റ് നിലയിൽ മുന്നിലാണെങ്കിലും കണ്ണൂർ തന്നെ കപ്പ് നേടുമെന്ന് പറയുവാൻ ഇനിയും ആയിട്ടില്ല. ഒരു പോയിന്റ് കുറവിൽ 871 പോയിന്റുകളുമായി കോഴിക്കോട് ജില്ല തൊട്ടുപിന്നിൽ തന്നെയുണ്ട്. 865 പോയിന്റുകളുമായി പാലക്കാടും ഇഞ്ചോടിഞ്ച് ഉള്ള പോരാട്ടത്തിൽ കരുത്ത് കാട്ടുന്നുണ്ട്. 848 പോയിന്റുകളുമായി തൃശ്ശൂർ ജില്ലയാണ് നാലാം സ്ഥാനത്ത്. 837 പോയിന്റുകളുമായി മലപ്പുറം ജില്ല അഞ്ചാം സ്ഥാനത്തും 830 പോയിന്റുകളുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്തും ഉണ്ട്. 665 പോയിന്റുകളുമായി ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നിലുള്ളത്. 80 ശതമാനം മത്സരങ്ങളും പൂർത്തീകരിക്കപ്പെട്ട കലോത്സവത്തിൽ ഉച്ചയ്ക്ക് മുമ്പ് തന്നെ കപ്പ് ആര് നേടുമെന്ന് വ്യക്തമാകും.