ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്. വലിയ ഹൈപോ പ്രൊമോഷനുകളോ ഒന്നുമില്ലാതെ സെപ്റ്റംബര്‍ 28 ന് റിലീസിനെത്തിയ ചിത്രം 100 കോടി ക്ലബിലും ഇടം നേടി.ഇപ്പോഴിതാ ചിത്രം ഒ ടി ടി റിലീസിന് പിന്നാലെ രാജ്യമാകെ തരംഗം സൃഷ്ടിക്കുകയാണ്. ഡിസ്നി ഹോട്സ്റ്റാറാണ് ഒ ടി ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഒ ടി ടിയില്‍ ചിത്രം റിലീസ് ചെയ്തത്.രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമായ എക്സില്‍ കണ്ണൂര്‍ സ്ക്വാഡ് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. നിരവധി പോസ്റ്റുകളാണ് ഈ ഹാഷ് ടാഗില്‍ എക്സില്‍ എത്തിയിരിക്കുന്നത്. ഏറ്റവും കൗതുകകരമായ കാര്യം ഇതില്‍ ബഹുഭൂരിഭാഗം പോസ്റ്റുകളും മലയാളികളുടേത് അല്ലെന്നതാണ്. വിവിധ സംസ്ഥാനക്കാര്‍ക്കിടയില്‍ ചിത്രം സ്വീകാര്യത നേടിയെന്നതിന്റെ തെളിവാണ് എക്‌സിലെ പോസ്റ്റുകള്‍.
ചിത്രത്തിന്‍റെ അവതരണം, ആക്ഷന്‍, സംഗീതം എന്നിവയെല്ലാം പ്രേക്ഷകര്‍ പുകഴ്ത്തുന്നു. പുതുമുഖ സംവിധായകനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍വെസ്റ്റിഗേഷന്‍ ത്രിലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. മമ്മൂട്ടിയ്ക്കൊപ്പം വിജയരാഘവന്‍, റോണി ഡേവിഡ്, മനോജ് കെയു, അസീസ് നെടുമങ്ങാട്, ദീപക് തുടങ്ങി നിരവധി പേര്‍ അഭിനയിച്ചിട്ടുണ്ട്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്‌ഐ ആയാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി എത്തിയത്. കാസര്‍കോട് ജില്ലയില്‍ നടന്ന ഒരു കൊലപാതകവും കേസിലെ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും നടത്തുന്ന യാത്രയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.