കേളകത്ത് പട്ടാപ്പകല്‍ റബര്‍തോട്ടത്തില്‍ കടുവ; പ്രദേശത്ത് നിരോധനാജ്ഞ

Breaking Kerala

കണ്ണൂര്‍: ആശങ്ക സൃഷ്ടിച്ച് കേളകം അടയ്ക്കാത്തോട് ജനവാസ മേഖലയില്‍ പട്ടാപ്പകല്‍ കടുവ ഇറങ്ങി. കരിയംകാപ്പ് റബര്‍ തോട്ടത്തില്‍ ഇന്നലെ ഉച്ചയോടെയാണ് കടുവയെ കണ്ടത്. പ്രദേശവാസികള്‍ കടുവയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതോടെ വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

കടുവയെ പിടികൂടാന്‍ വാളുമുക്കിലെ ഹമീദ് റാവത്തര്‍ കോളനിയില്‍ കൂട് സ്ഥാപിച്ചു. അടയ്ക്കാത്തോട് ടൗണിലും ആറാം വാര്‍ഡിലും ഇന്ന് വൈകിട്ട് നാല് വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ടാപ്പിങ് കഴിഞ്ഞു സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന കരിനാട്ട് ബോബി, ചവറയ്ക്കല്‍ ബാബു എന്നിവരാണ് റോഡില്‍ കടുവയെ കണ്ടത്. മുരണ്ടുകൊണ്ട് റോഡ് മുറിച്ചുകടന്ന കടുവ റബര്‍ തോട്ടത്തിലേക്ക് പോകുന്നതാണ് ഇവര്‍ കണ്ടത്.

കടുവ തോട്ടത്തില്‍ നില ഉറപ്പിച്ചതോടെ ബോബി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഈ സമയത്ത് തന്നെ സ്‌കൂള്‍ വിട്ടു നടന്നു വരുകയായിരുന്ന നാല് വിദ്യാര്‍ഥികളും കടുവയുടെ മുന്നില്‍പെട്ടു. കടുവയെ കണ്ട് പേടിച്ച വിദ്യാര്‍ഥികള്‍ ഓടി രക്ഷപെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *