ഏറ്റുമാനൂര്‍: കാണക്കാരി ഗവണ്‍മെന്റ് ഹൈസ്‌കൂളിനുവേണ്ടി പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരുകോടി 30 ലക്ഷം രൂപയുടെ (130 ലക്ഷം) വികസനപദ്ധതി അനുവദിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ കില പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖാന്തിരം ഫണ്ട് അനുവദിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുമായി തിരുവനന്തപുരത്ത് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. യുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കാണക്കാരി ഹൈസ്‌കൂള്‍ കെട്ടിട നിര്‍മ്മാണ പ്രോജക്ടിന് പുതുക്കിയ ഭരണാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
രണ്ട് നിലയുള്ള സ്‌കൂള്‍ കെട്ടിടമാണ് കാണക്കാരിയില്‍ നിര്‍മ്മിക്കുന്നത്. ഒരു നിലയില്‍ 20 അടിയുടെ മൂന്ന് ക്ലാസ് റൂം വീതം രണ്ട് നിലയിലായി ആറ് ക്ലാസ് മുറികളും ടോയ്‌ലെറ്റ് ബ്ലോക്കും സ്റ്റെയര്‍കെയ്‌സും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയിലേക്ക് ഒരുനില കൂടി ആവശ്യമായി വന്നാല്‍ മൂന്നാംനില നിര്‍മ്മിക്കാവുന്ന വിധത്തിലാണ് ഡിസൈന്‍ തയ്യാറാക്കിയിട്ടുളളതെന്ന് എം.എല്‍.എ. വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ പി.റ്റി.എ. കമ്മറ്റിയുടെ യോഗം വിളിച്ചുചേര്‍ത്ത് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് ഹെഡ്മിസ്ട്രസ് കൃഷ്ണകുമാരി ടീച്ചറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരമാവധി വേഗത്തില്‍ കാണക്കാരി ഹൈസ്‌കൂള്‍ കെട്ടിടനിര്‍മ്മാണം ആരംഭിക്കുന്നതിന് സത്വരനടപടി സ്വീകരിച്ചതായ് മോന്‍സ് ജോസഫ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രാഥമിക കാര്യങ്ങള്‍ അടിയന്തിര പ്രാധാന്യത്തില്‍ നടപ്പാക്കുന്നതിന് എല്‍.എസ്.ജി.ഡി. എഞ്ചിനീയറിംഗ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.