കൊച്ചി: കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വെൻഷനിടെയുണ്ടായ സ്‌ഫോടനത്തില്‍ സാരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന മൂന്ന് പേരുടെ നില അതീവ ഗുരുതരം.പതിനാറ് പേരാണ് ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മൂന്ന് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ 60ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
21 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അഞ്ച് പേര്‍ വാര്‍ഡുകളിലാണ് കഴിയുന്നത്. 10 ശതമാനം പൊള്ളലേറ്റ 14 വയസ്സുള്ള കുട്ടിയെ നാളെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റും. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരാളെ സ്‌കിൻ ഗ്രാഫ്റ്റിങ്ങിനും നൂതന ചികിത്സക്കുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കളമശ്ശേരി സംറ കണ്‍വെൻഷൻ സെന്ററില്‍ ഞായറാഴ്ച രാവിലെ 9.30ഓടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെൻഷനിടെ ബോംബ് സ്‌ഫോടനമുണ്ടായത്. പെരുമ്ബാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയൻവീട്ടില്‍ ലിയോണ പൗലോസ് (55) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ വാടകക്ക് താമസിക്കുന്ന കുമാരി (53), മലയാറ്റൂര്‍ കടവൻകുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിന (12) എന്നിവരാണ് പിന്നീട് മരിച്ചത്.
കളമശ്ശേരി സ്‌ഫോടനത്തിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തി. മാര്‍ട്ടിൻ താമസിക്കുന്ന അങ്കമാലി അത്താണിയിലെ ഇരുനില ഫ്‌ളാറ്റില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ വൻ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ഫ്‌ളാറ്റില്‍ എത്തിച്ചത്.
രണ്ടാം നിലയുടെ ടെറസിലെത്തിച്ച പ്രതിയെ അര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന് സംശയിക്കുന്ന മുറിയില്‍ പൊലീസ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറയുണ്ടാക്കി അതിസൂക്ഷ്മമായാണ് പരിശോധന നടത്തിയത്.
ബോംബ് ഉണ്ടാക്കാൻ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചതായാണ് സൂചന. ഇന്നലെയാണ് യു.എ.പി.എ, സ്‌ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗൗരവതരമായ വകുപ്പുകള്‍ ചുമത്തി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മാര്‍ട്ടിൻ വിദേശത്തുനിന്ന് ബോംബുനിര്‍മ്മാണത്തെക്കുറിച്ച് പഠിച്ചിരുന്നതായി പൊലീസിന് സൂചനലഭിച്ചു. നിര്‍മ്മാണം പഠിക്കാൻ ഒട്ടേറെത്തവണ ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടുണ്ട്. ആരെങ്കിലും ബോംബുണ്ടാക്കാൻ പഠിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും എൻ.ഐ.എ., എൻ.എസ്.ജി., ഇന്റലിജൻസ് ബ്യൂറോ, കേരള പൊലീസ് തുടങ്ങിയവര്‍ അന്വേഷിക്കുന്നുണ്ട്. താൻ മാത്രമാണ് സംഭവത്തിനു പിന്നിലെന്ന് മാര്‍ട്ടിൻ പറയുമ്ബോഴും മൊഴി പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
മാര്‍ട്ടിൻ ദുബായില്‍ 18 വര്‍ഷത്തോളം നിര്‍മ്മാണമേഖലയില്‍ പ്രവര്‍ത്തിച്ചതായി വിവരംകിട്ടി. വിദേശബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. അഞ്ചരവര്‍ഷമായി വാടകയ്ക്ക് താമസിച്ച തമ്മനം കുത്താപ്പാടി കാദര്‍പിള്ള റോഡിലെ വാടകവീട്ടിലും പൊലീസ് പരിശോധനനടത്തി. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോര്‍ട്ട് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
ഞായറാഴ്ച അഞ്ചുമണിയോടെ കസ്റ്റഡിയിലെടുത്ത മാര്‍ട്ടിനെ അന്വേഷണസംഘങ്ങള്‍ ചോദ്യംചെയ്തിരുന്നു. മാര്‍ട്ടിൻ നല്‍കിയ തെളിവുകളും മൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും പരിശോധിക്കുന്നുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ സ്‌കൂട്ടറില്‍ വീട്ടില്‍നിന്നു പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടത്തുന്നതിനുമുമ്ബും ശേഷവും മാര്‍ട്ടിൻ ഫോണ്‍ ചെയ്തവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.
പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാനമന്ത്രിമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സൗജന്യചികിത്സ മുഖ്യമന്ത്രി വാഗ്ദാനംചെയ്തിട്ടുണ്ട്. സ്‌ഫോടനംനടന്ന സാമ്ര കണ്‍വെൻഷൻ സെന്റര്‍ ഇപ്പോഴും അന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിലാണ്.