കലാമണ്ഡലത്തിൽ എത്തുന്നത് പിൻവാതിൽ വഴി, സഹായിച്ചത് സിപിഎം നേതാവ്, തുറന്ന് പറച്ചിലുമായി സത്യഭാമ

Uncategorized

തൃശൂർ :പ്രമുഖനായ സിപിഎം നേതാവ് വഴിയാണ് കലാമണ്ഡലത്തിൽ കയറിയതെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയർ. ബ്രാഞ്ച് കമ്മറ്റികളിൽ തന്നോട് അപേക്ഷ നൽകാൻ പറഞ്ഞുവെന്നും അപ്രകാരം ചെയ്തുവെന്നും അവർ പറഞ്ഞു. എങ്ങനെയാണ് കലാമണ്ഡലത്തിൽ കയറിയതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സത്യഭാമ.

‘ചില പരിപാടികൾക്ക് അതിഥിയായ ചിലർ വിളിക്കും. അത്തരത്തിൽ വിളിച്ചവരുടെ കൂട്ടത്തിലൊരു സിപിഎമ്മിന്റെ നേതാവുണ്ടായിരുന്നു. ടീച്ചർ ഇത്രയധികം സീനിയർ ആയിട്ടും പോലും ഒരു സ്ഥലത്ത് എന്താ കയറാത്തതെന്ന് രാഷ്‌ട്രീയ പ്രവർത്തകൻ ചോദിച്ചു. സാറേ എല്ലാം പിടിയും വലിയുമൊക്കെ അല്ലെ? നമുക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല എന്ന് ഞാൻ പറഞ്ഞു. ഞാനൊരു സ്പെല്ലിംഗ് മിസ്റ്റേക്കുമായി നടക്കുന്നയാളുമല്ല. അപ്പോൾ പിന്നെ ഇത്തിരി പാടല്ലേ കിട്ടാൻ എന്ന് ഞാൻ പറഞ്ഞു. അതിനെന്താ ഞങ്ങൾ കയറട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞത് പോലെ അവർ പറഞ്ഞു. പറഞ്ഞത് പോലെ അവർ (ഇടതുപക്ഷം) അധികാരത്തിൽ വന്നു. അദ്ദേഹം കയറിയതിന് പിന്നാലെ ബ്രാഞ്ച് കമ്മിറ്റിയിലും മറ്റിടങ്ങളിലും അപേക്ഷ നൽകണമെന്ന് നിർദേശിച്ചു. അവിടങ്ങളിലൊക്കെ കൊടുത്തു. അങ്ങനെയാണ് കലാമണ്ഡലത്തിൽ കയറിയത്’, സത്യഭാമ പറയുന്നു.

അതേസമയം, പ്രശസ്ത നർത്തകനും കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ ജൂനിയർ അധിക്ഷേപിച്ചത് വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ് എന്നായിരുന്നു അവർ അധിക്ഷേപിച്ചത്. വിവാദമായതോടെ, ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് കലാമണ്ഡലം അറിയിച്ചു. കേരള കലാമണ്ഡലത്തിലെ പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു കലാമണ്ഡലത്തിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *