തൃശൂർ: കലാമണ്ഡലം കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും. കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മോഹിനിയാട്ടം.അതേസമയം തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയുടെ കുടുംബ ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള ക്ഷണം രാമകൃഷ്ണൻ നിരസിച്ചു. അതേ ദിവസം മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിച്ചത്. വേദി നൽകാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിച്ചു.കൊല്ലത്തെ കുടുംബ ക്ഷേത്രത്തിൽ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്‌ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്.പ്രതിഫലം നൽകിയാകും ക്ഷണിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളിൽ കക്ഷി ചേരാനില്ലെന്നും സർക്കാരിനെതിരായ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.അതേസമയം വിവാദ പരാമർശത്തിൽ നൃത്താധ്യാപിക സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. അധിക്ഷേപത്തെ നിയമപരമായി നേരിടുമെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമർശം. രാമകൃഷ്ണൻ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ
എന്നുമാണ് സത്യഭാമ പറഞ്ഞത്.