തിരുവനന്തപുരം: കാലടിയില്‍ പോസ്റ്ററില്‍ ചാരിനിന്ന പതിനാലുകാരനെ മർദിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമിഷൻ.രാഷ്ട്രീയ പ്രവർത്തകർ കുട്ടികളെ ആക്രമിക്കുന്നതു തെറ്റാണെന്നും പൊലീസിനോടും ജില്ല ചൈല്‍ഡ് പ്രൊട്ടക്‌ഷൻ ഓഫിസറോടും റിപ്പോർട്ട് തേടുമെന്നും കമിഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ പറഞ്ഞു. മർദനമേറ്റ കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ചയായിരുന്നു കുട്ടിയെ ആക്രമിച്ചത്.
തമിഴ് ബാലനായ കുട്ടി സംഭവദിവസം, അവർ വാടകയ്ക്കു താമസിച്ചിരുന്ന വീടിനു മുന്നിലെ മതിലില്‍ ചാരിനില്‍ക്കുകയായിരുന്നു.
മതിലില്‍ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ ചിത്രമുള്ള പോസ്റ്ററുണ്ടായിരുന്നു. ആ സമയത്ത് അവിടെയെത്തിയ ബി.ജെ.പിയുടെ പ്രാദേശിക നേതാവ്, കുട്ടി പോസ്റ്ററില്‍ ചാരിനിന്നതിന്റെ പേരില്‍ മർദിച്ചു. ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് കുടുംബം പിൻവലിച്ചു. പിന്നാലെ സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്