കടുത്തുരുത്തി : കടത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ ആസ്ഥാനം മന്ദിരം നിർമ്മിക്കുന്നതിന് വേണ്ടി എംഎൽഎ ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചതായി അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നിലവിലുള്ള ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലാവുകയും ഇടുങ്ങിയ മുറികളും സൗകര്യപ്രദമല്ലാത്ത കെട്ടിടങ്ങളും കൂട്ടിച്ചേർന്ന് ഉണ്ടാക്കിയ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിലിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രൊപ്പോസലിന് അനുമതി നൽകിയിരിക്കുന്നതെന്ന് എംഎൽഎ വ്യക്തമാക്കി.
രണ്ടു നിലകളിലായി സൗകര്യപ്രദമായ മുറികളോടുള്ള ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരമാണ് കടുത്തുരുത്തിയിൽ പുതുതായി നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കടുത്തുരുത്തിയിൽ പുതുതായി നിർമ്മിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ഒക്ടോബർ 10 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നിർവഹിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുന്നു. വിവിധ ജനപ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരാകും.