കടുത്തുരുത്തി: ദീര്‍ഘനാളായി ഉന്നയിക്കുന്ന ജനകീയാവശ്യം കണക്കിലെടുത്ത് കടുത്തുരുത്തി ഫയര്‍ സ്റ്റേഷനിലേക്ക് അനുവദിച്ച ആധുനിക നിലവാരത്തിലുള്ള വാട്ടര്‍ ടെന്‍ഡര്‍ മെഷീന് ഫയര്‍ എഞ്ചിന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്ത് സര്‍വ്വീസ് ആരംഭിച്ചു. ഫയര്‍ഫോഴ്സിന്റെ ഏറ്റവും നൂതനമായ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് യൂണിറ്റ് ഫയര്‍ എഞ്ചിനാണ് കടുത്തുരുത്തിക്ക് ലഭിച്ചിട്ടുള്ളത്.
കടുത്തുരുത്തിയിലും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന ആവശ്യങ്ങളില്‍ ദുരന്തനിവാരണത്തിനു കൂടിയ ഇനത്തിലുള്ള വലിയ വാഹനം ആവശ്യമാണെന്ന് കാണിച്ച് കടുത്തുരുത്തി ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ. കലേഷ്കുമാറിന്റെ നേതൃത്വത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യ്ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടി എന്ന നിലയില്‍ ഫയര്‍പോഴ്സ് ഡയറക്ടര്‍ ഡി.ജി.പി. പദ്മകുമാറുമായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കടുത്തുരുത്തിയിലേക്ക് എം.ടി.യു. ഫയര്‍ എഞ്ചിന് സര്‍ക്കാര്‍ അനുവദിച്ചുനല്കിയത്.
കടുത്തുരുത്തിയില്‍ പുതിയ ഫയര്‍ എഞ്ചിന് ലഭിച്ചിരിക്കുന്നത് 4500 ലിറ്റര്‍ വെള്ളം നിറയ്ക്കാവുന്ന വലിയ യൂണിറ്റാണ്, ആദ്യഘട്ടമായി കടുത്തുരുത്തിക്ക് എം.എല്‍.എ.യുടെ പരിശ്രമഫലമായി ലഭിച്ചത് 1500 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍ (എഫ്.ആര്.വി.) ഫയര്‍ എഞ്ചിനായിരുന്നു. ഇപ്പോള്‍ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങള്‍ക്കും സമയത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ജനോപകാരപ്രദമായി രണ്ട് ഫയര്‍ എഞ്ചിനുകളും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
കടുത്തുരുത്തിയില്‍ ആദ്യകാലം മുതല്‍ ഉണ്ടായിരുന്ന രണ്ട് ഫയര്‍ എഞ്ചിനുകളുടെ കാലാവധി കഴിഞ്ഞതുമൂലം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ ഫയര്‍ എഞ്ചിനുകള്‍ ലഭിച്ചത് സമയോചിതമായി മെച്ചപ്പെട്ട സേവനങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ ഉപകരിക്കുമെന്നതാണ് ഏറ്റവും പ്രധാന നേട്ടം.
കടുത്തുരുത്തി ഫയര്‍ സ്റ്റേഷന്റെ മുട്ടുചിറ കോമ്പൗണ്ടില്‍ ചേര്‍ന്ന ചടങ്ങില്‍ വച്ച് ഫയര്‍ ഓഫീസര്‍ കെ. കലേഷ്കുമാറിന് ഫയര്‍ഫോഴ്സ് ഫ്ളാഗ് കൈമാറിക്കൊണ്ടാണ് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബി.സ്മിത, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജിൻസി എലിസബത്ത്, ശാന്തമ്മ രമേശൻ, സൈന്നമ്മ സാജു, സുകുമാരി,ജാന്‍സി സണ്ണി, നോബി മുണ്ടയ്ക്കന്, സുമേഷ് കെ.എസ്., മുന്‍ മെമ്പര്‍ മാത്യു ജി. മുരിക്കന്‍, ജോണി കണിവേലി തുടങ്ങിയവര്‍ പങ്കെടുത്തു.