തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ അതിരൂക്ഷ വിമര്‍ശനം. തലസ്ഥാനത്തെ റോഡ് പണി വിഷയത്തിൽ അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നായിരുന്നു ആക്ഷേപം.
തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനമാണ് വിവാദത്തിന് തീ പടര്‍ന്നത്. അതിന് മറുപടിയെന്നോണമായിരുന്നു കരാറുകാരെ തൊട്ടപ്പോൾ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുവേദിയിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസംഗം.നടപടി അപക്വമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയിലും സംഭവം റിപ്പോര്‍ട്ട് ചെയ്തു.ഭരണത്തിലിരിക്കുന്ന നഗരസഭയെ പോലും പ്രതിക്കൂട്ടിൽ നിര്‍ത്തുന്ന വിധത്തിലുള്ള നടപടി ഗൗരവമുള്ള സംഭവമാണെന്നും മുതിര്‍ന്ന നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.മൂന്ന് വര്‍ഷമായി മുടങ്ങിക്കിടന്ന പണി മൂന്ന് മാസം കൊണ്ട് തീര്‍ക്കാൻ ലക്ഷ്യമിട്ട് അതിവേഗം പുരോഗമിക്കുകയാണിപ്പോൾ. ഇതിനിടക്ക് പൊതുജന പക്ഷത്ത് നിന്നെന്ന പേരിൽ വിമര്‍ശനം ഉന്നയിച്ച കടകംപള്ളിയുടെ നടപടിയാണ് വാചക യുദ്ധത്തിന് തുടക്കമിട്ടതെന്നാണ് അംഗങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.