‘പിണറായി വിജയൻ ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ്’: രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

Breaking Kerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ് മുഖ്യമന്ത്രി. മകള്‍ക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. തനിക്കിതൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഇടത് മുന്നണി സര്‍ക്കാരിനെയും സിപിഎമ്മിനെതിരെയും ഉയര്‍ന്ന വിവാദങ്ങളിലോ അഴിമതി ആരോപണങ്ങളിലോ ഒന്നും മുഖ്യമന്ത്രി ഇതുവരയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മകള്‍ വീണാ വിജയനെതിരെ മാസപ്പടി വാങ്ങിയെന്ന ആരോപണങ്ങളുമുയര്‍ന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയ വേളയിലും മുഖ്യമന്ത്രി വിവാദങ്ങളോട് പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് സുധാകരന്റെ പരിഹാസം.

വാ തുറന്നാല്‍ കള്ളം മാത്രം പറയുന്ന പാര്‍ട്ടിയായ സിപിഎം, പക്ഷേ കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കുടുങ്ങി പോയെന്നും തുറന്നടിച്ചു. കരുവണ്ണൂരില്‍ വലിയ തട്ടിപ്പാണ് നടന്നത്. സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി മൊയ്തീന്‍ പ്രതിയാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അന്വേഷണം നടക്കട്ടെ, കുറ്റക്കാരെ പുറത്തു കൊണ്ടുവരട്ടെയെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ താന്‍ നല്‍കിയ മാനനഷ്ടകേസ് ഗൗരവമുള്ളതാണ്. ഗോവിന്ദനെ ശിക്ഷിക്കണമെന്നില്ല. എന്റെ നിരപരാധിത്വം തെളിയിക്കാനാണ് മാനനഷ്ടകേസുമായി മുന്നോട്ട് പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *