തിരുവനന്തപുരം: പദ്ധതി തുകയുടെ പകുതിയിൽ അധികവും ചെലവഴിച്ചിട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാത്ത കെ ഫോൺ കിഫ്ബിയുടെ കണ്ണിലും കരടാകുന്നു. കിഫ്ബി വകയിരുത്തിയ 1061 കോടിയിൽ നിന്ന് ഇതുവരെ കെ ഫോണിന് അനുവദിച്ച് കിട്ടിയത് 456 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ വിഹിതമാകട്ടെ 43 ശതമാനം ഇനിയും കിട്ടാനുമുണ്ട്. കര്‍ശന വ്യവസ്ഥകളും മാനദണ്ഡങ്ങളും പിന്തുടരുന്ന കിഫ്ബിയിൽ നിന്ന് ഇനിയും പണം അനുവദിച്ച് കിട്ടണമെങ്കിൽ കെ ഫോണിന് മുന്നിൽ കടമ്പകളും ഏറെയാണ്. ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോൾ പണം നൽകിയ പ്രവര്‍ത്തികൾ പൂര്‍ത്തിയാക്കാനാകാത്ത പ്രതിസന്ധിയാണ് കെ ഫോണിനെ കുഴക്കുന്നത്.
ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ കാൽ ഭാഗം പോലും നൽകിയിട്ടില്ല. ആദ്യ വര്‍ഷം രണ്ടര ലക്ഷം വാണിജ്യ കണക്ഷൻ എന്ന വാഗ്ദാനമാണ് നല്‍കിയിരുന്നതെങ്കിലും ഇതുവരെ 2000ത്തില്‍ താഴെ കണക്ഷനുകള്‍ മാത്രമാണ് നല്‍കിയത്.കോടികൾ മുടക്കിയ അഭിമാന പദ്ധതിക്ക് തുടര്‍ന്നും പണം അനുവദിക്കണമെങ്കിൽ പ്രവര്‍ത്തനം ഇഴകീറി പരിശോധിക്കണമെന്ന നിലപാടിലാണിപ്പോൾ കിഫ്ബി. പദ്ധതി തുകയും പരിപാലന ചെലവും ചേര്‍ത്ത് 1500 കോടിയുടെ പദ്ധതിക്ക് 1061 കോടിയാണ് കിഫ്ബി നൽകേണ്ടത്. എന്നാല്‍, 46 കോടി മാത്രമാണ് ഇതുവരെ നല്‍കിയത്. സര്‍ക്കാര്‍ വിഹിതമായി 336 കോടിയാണ് കിട്ടേണ്ടത്. എന്നാല്‍, ഇതുവരെ കെ ഫോണിന് 192 കോടിയാണ് സര്ക്കാര്‍ കൊടുത്തത്. ഗതിശക്തി പദ്ധതിയിൽ പെടുത്തി കേന്ദ്രസര്‍ക്കാര് അനുവദിച്ച 85 കോടി അടക്കം 734 കോടിയാണ് കെ ഫോണിന് ഇതുവരെ അനുവദിച്ചിട്ടുള്ളത്.
നടത്തിപ്പ് ഏജൻസിയായ ബെൽ കൺസോര്‍ഷ്യം ഇതുവരെ പദ്ധതിക്ക് വേണ്ടി മുടക്കിയത് 1000 കോടി രൂപയോളമാണ്. കൺസോര്‍ഷ്യം നൽകുന്ന ബില്ലുകൾ കെ ഫോൺ കൈമാറുന്ന മുറയ്ക്ക് ഓരോ ബില്ലും ആദ്യം സര്‍ക്കാര്‍ പാസാക്കണം. പിന്നാലെ കിഫ്ബി വിഹിതമിടും ഇതാണ് രീതി. പദ്ധതി നടത്തിപ്പിലെ മെല്ലെപ്പോക്കും വായ്പാ തിരിച്ചടവിന് പോലുമുള്ള വരുമാനം ഉറപ്പിക്കാനാകാത്തതും കെ ഫോണിന് കിട്ടേണ്ട തുടര്‍ സാമ്പത്തിക സഹായങ്ങൾക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്.