തിരുവനന്തപുരം:സംസ്ഥാനത്ത് നടക്കുന്നത് അഴിമതി ഭരണമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ബിജെപി മുന്നണിയായ എൻഡിഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. അത് തുറന്ന് കാട്ടാനാണ് ഈ സമരം. മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതി കാണിക്കുകയാണ്. മുഖ്യമന്ത്രി അതിനു കൂട്ട് നിൽക്കുന്നുവെന്നും നദ്ദ ആരോപിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മയക്കുമരുന്ന് ഉപയോഗം കൂടി. അഴിമതി ഇല്ലാതാക്കണമെങ്കിൽ എൻഡിഎ അധികാരത്തിൽ എത്തണം.
എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടുപേരും ചേർന്ന് അഴിമതി നടത്തുകയാണ്. ബിജെപിക്ക് എതിരെ നിൽക്കാൻ ഒറ്റക്കെട്ടാകുന്നവർ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഭരണത്തിൽ രാജ്യം വളരുകയാണെന്ന് പറഞ്ഞ നദ്ദ നേട്ടങ്ങൾ എണ്ണിപ്പറയാനും മറന്നില്ല. ജിഡിപി 60 % ഉയർന്നുവെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്നും നദ്ദ കൂട്ടിച്ചേർത്തു.