വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ നൈജീരിയ സ്വദേശി അറസ്റ്റില്‍

Kerala

വയനാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ നൈജീരിയ സ്വദേശിയെ വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.കല്‍പ്പറ്റ സ്വദേശിനിയായ യുവതിയില്‍ നിന്ന് കാനഡയില്‍ മെഡിക്കല്‍ കോഡിംഗ് മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ കേസിലാണ് നൈജീരിയ സ്വദേശിയായ യുവാവിനെ വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മോസിസ് ഇക്കര്‍ണ്ണ (30)യെയാണ് ബംഗ്ളൂരുവില്‍ വെച്ച്‌ ജില്ലാ പോലീസ് മേധാവി പദം സിംഗ് നിയോഗിച്ച സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

സൈബര്‍ സ്റ്റേഷൻ എസ്.എച്ച്‌.ഒ.ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാന് വല വിരിച്ച്‌ പ്രതിയെ കുടുക്കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതുസംബന്ധിച്ച പരാതി സൈബര്‍ സ്റ്റേഷനില്‍ ലഭിച്ചത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിച്ച്‌ വരികയാണന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് പറഞ്ഞു. ബംഗളൂരുവില്‍ താമസിച്ച്‌ ഇടക്ക് ഡി.ജെ. പാര്‍ട്ടിയും ബാക്കി സമയത്ത് ഇത്തരം തട്ടിപ്പുകളും നടത്തി വരുന്നയാളാണ് പ്രതി.

വിദേശ ജോലി തട്ടിപ്പിന് നിരവധി പേര്‍ ഇരകളാവുന്നുണ്ടങ്കിലും വിദേശ പൗരൻമാര്‍ പിടിക്കപ്പെടുന്നത് അപൂര്‍വ്വമാണന്ന് എസ്.പി. പറഞ്ഞു. രജിസ്റ്റേര്‍ഡ് സൈറ്റുകള്‍ മാത്രം ജോലിക്ക് അപേക്ഷിക്കുകയാണ് തട്ടിപ്പിനിരയാകാതിരിക്കാനുള്ള വഴിയെന്നും പോലീസ് പറഞ്ഞു.ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും പണവും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *