തിരുവനന്തപുരം: ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡക്കെതിരെ നടപടി ആലോചിക്കാൻ ജെഡിഎസ്. ദേശീയ എക്സിക്യൂട്ടീവ് വിളിച്ചു. ദേശീയ ഉപാധ്യക്ഷന്‍ സി കെ നാണുവിൻെറ നേതൃത്വത്തിലാണ് യോഗം വിളിച്ചത്. അതേസമയം ദേവഗൗഡക്കെതിരെ സമാന്തര യോഗം വിളിച്ചത് സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ല.
ഈ മാസം 15ന് കോവളത്ത് വെച്ച് ദേശീയ എക്സിക്യൂട്ടിവ് ചേരുമെന്നാണ് സി കെ നാണു ദേശീയ നേതാക്കളെയും അറിയിച്ചിരിക്കുന്നത്. കോവളം വെളളാറിൽ വെച്ച് നടക്കുന്ന യോഗത്തിലേക്ക് കർണാടക സംസ്ഥാന അധ്യക്ഷനായിരുന്ന സി എം ഇബ്രാഹിം അടക്കമുളള നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. പ്രഖ്യാപിത നയത്തിന് വിരുദ്ധമായി ബിജെപി സഖ്യത്തിൽ ചേർന്ന ദേവഗൗഡയുടേയും കുമാരസ്വാമിയുടെയും നിലപാട് പാർട്ടി ഭരണഘടനയുടെ രണ്ടാം അനുഛേദത്തിൻെറ നഗ്നമായ ലംഘനമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് പോകുന്നതിന് മുൻപ് എല്ലാവരുമായും ചർച്ച നടത്തേണ്ടതുണ്ടെന്നാണ് സി കെ നാണു നേതാക്കൾക്ക് അയച്ച കത്തിൽ പറയുന്നത്.