പത്തനംതിട്ടയിലെ എരുമേലിയില്‍ നിന്നും കാണാതായ ജസ്ന മരിയ ജെയിംസിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട് പിതാവ് ജെയിംസ് ജോസഫ് നാളെ സി ജെ എം കോടതിയില്‍ ഹാജരാകും.കേസ് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി അന്വേഷണം നടത്തിയ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും എന്തെങ്കിലും സൂചന ലഭിച്ചാല്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച അഭിപ്രായം അറിയിക്കാൻ ജെസ്നയുടെ പിതാവിനോട് 19ന് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി നോട്ടീസ് അയച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥരുമായി നാളെ ജസ്നയുടെ പിതാവ് ചർച്ച നടത്തിയ ശേഷം റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ചർച്ചയ്‌ക്കുശേഷം അഭിഭാഷകരെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും.
ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും തിരോധാനത്തിന് പിന്നില്‍ മതതീവ്രവാദ സംഘടനകള്‍ക്ക് ബന്ധമില്ലെന്നും കാണിച്ച് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജെസ്നയുടെ സുഹൃത്തിന്റെയും പിതാവിന്റെയും ബ്രെയിൻ മാപ്പിംഗ് പരിശോധന നടത്തിയിരുന്നെങ്കിലും കേസിന് സഹായകരമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല എന്നും ജസ്നക്ക് അധികം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല എന്നും സിബിഐ കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.
വിദേശത്ത് അന്വേഷണം നടത്തുന്നതിനായി ഇന്റർപോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജസ്നയെ കാണാനില്ലെന്ന് കാട്ടി പിതാവ് എരുമേലി പോലീസില്‍ പരാതി നല്‍കുന്നത് 2018 മാർച്ച് 22 നാണ്. തൊട്ടടുത്ത ദിവസം വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. തുടർന്ന് ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും പിന്നീട് സിബിഐക്ക് കൈമാറുകയും ആയിരുന്നു.