ജമ്മു കശ്മീരിൽ നിന്ന് അഫ്‌സ്പ നീക്കം ചെയ്യുന്ന സമയം വരും: പ്രതിരോധ മന്ത്രി

Breaking National

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്ന് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ ) നീക്കം ചെയ്യുന്ന ഒരു കാലം വരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സംശയിക്കുന്നവരെ ഏതുനിമിഷവും സൈന്യത്തിന് അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക അധികാരങ്ങള്‍ അഫ്‌സ്പ നല്‍കുന്നു. കൊല്ലാനുള്ള അവകാശം, കലാപവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സ്വത്ത് കൈവശപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാനുള്ള അവകാശം ഉള്‍പ്പെടെ വിപുലമായ അവകാശങ്ങള്‍ നിയമം അനുവദിച്ചു നല്‍കുന്നുണ്ട്.

‘പല സംസ്ഥാനങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കലാപം അവസാനിപ്പിക്കുന്നതിലും വിജയം കൈവരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതുകൊണ്ടാണ് അവിടുങ്ങളില്‍ അഫ്‌സ്പ നീക്കം ചെയ്തത്. ജമ്മു കാശ്മീരില്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ജമ്മു കശ്മീരില്‍ നിന്ന് സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം നീക്കം ചെയ്യുന്ന കാലം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ”പ്രതിരോധ മന്ത്രി പറഞ്ഞു.

ജമ്മു കശ്മീര്‍, നാഗാലാന്‍ഡ്, അസം, അരുണാചല്‍ പ്രദേശ് എന്നിവയാണ് അഫ്‌സ്പ നിയമത്തിന് കീഴിലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. അതിര്‍ത്തി പ്രദേശങ്ങളിലെ വികസനത്തെക്കുറിച്ച് സംസാരിച്ച പ്രതിരോധ മന്ത്രി അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് പറഞ്ഞു.

”1962 ല്‍ നിന്ന് ഞങ്ങള്‍ നിരവധി പാഠങ്ങള്‍ പഠിച്ചു. അതിനാലാണ് ഞങ്ങള്‍ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നത്. അടല്‍ ടണല്‍ ഈ വസ്തുതയുടെ സാക്ഷ്യമാണ്. മറ്റ് പല അതിര്‍ത്തി പദ്ധതികളും നടക്കുന്നുണ്ട്. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ നല്ല അടിസ്ഥാന സൗകര്യങ്ങള്‍ അര്‍ഹിക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഞങ്ങളുടെ തന്ത്രപ്രധാനമായ സ്വത്താണ്.’രാജ്നാഥ് സിംഗ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *