ജയിലറിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Entertainment

രജനികാന്ത് നായകനായ ചിത്രമാണ് ജയ്‌ലര്‍. ചിത്രത്തിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അഭിഭാഷകനായ എം എല്‍ രവി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇതിനെ പൊതുതാല്‍പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജിക്കാരന്‍ എം എല്‍ രവിയെ വിമര്‍ശിക്കുകയും ചെയ്തു. ഹര്‍ജിക്കാരന്റെ താല്‍പര്യം പ്രശസ്തിയില്‍ ആണെന്നും കോടതി നിരീക്ഷിച്ചു.

അമേരിക്കയിലും യുകെയിലും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചതെന്നായിരുന്നു ഹര്‍ജിയില്‍ എം എല്‍ രവി ചൂണ്ടിക്കാട്ടിയത്. ചിത്രത്തില്‍ ഹിംസാത്മകമായ രംഗങ്ങള്‍ ഉണ്ടെന്നും സര്‍ട്ടിഫിക്കേഷനില്‍ കോടതി തീരുമാനമെടുക്കുംവരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നുമായിരുന്നു ആവശ്യം.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരുടെ അതിഥിവേഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. സ്‌ക്രീന്‍ ടൈം കുറവാണെങ്കിലും മോഹന്‍ലാലിന്റെയും ശിവ രാജ്കുമാറിന്റെയും കഥാപാത്രങ്ങള്‍ക്ക് തിയറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിച്ചത്. മുംബൈ പശ്ചാത്തലമാക്കുന്ന മാത്യു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *