3 ദിവസം, നേടിയത് റെക്കോര്‍ഡ് കളക്ഷന്‍! ‘ജയിലര്‍’ കണക്കുകള്‍ പുറത്തുവിട്ട് ഏരീസ് പ്ലെക്സ്

Business Entertainment

കേരളത്തിലെ തിയറ്ററുകളുടെ നിലനില്‍പ്പിന് സമീപകാല ചരിത്രത്തില്‍ മികച്ച പിന്തുണ നല്‍കിയിട്ടുള്ളത് മറുഭാഷാ സിനിമകളാണ്.2018, രോമാഞ്ചം അടക്കം ചുരുക്കം മലയാള ചിത്രങ്ങള്‍ക്ക് മാത്രമാണ് സമീപകാലത്ത് കാര്യമായി പ്രേക്ഷകരെ നേടാനായത്. അതേസമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നുവേണ്ട ഹോളിവുഡ് ചിത്രങ്ങള്‍ പോലും ഇവിടെ തിയറ്ററുകള്‍ നിറയ്ക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏറ്റവും പുതിയ തിയറ്റര്‍ വിജയവും മലയാളത്തില്‍ നിന്നല്ല, മറിച്ച്‌ തമിഴില്‍ നിന്നാണ്. പക്ഷേ അതിന് മലയാളബന്ധം ഉണ്ടെന്ന് മാത്രം. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ ആണ് മറ്റെല്ലാ മാര്‍ക്കറ്റുകളെയുംപോലെ കേരളത്തിലും തരംഗമായിരിക്കുന്നത്.

രജനി ചിത്രങ്ങള്‍ക്ക് കേരളത്തില്‍ എക്കാലവും വലിയ ആരാധകവൃന്ദം ഉണ്ടെങ്കിലും ജയിലറിനെ സംബന്ധിച്ച്‌ മോഹന്‍ലാലിന്‍റെ ഗസ്റ്റ് റോളും വിനായകന്‍റെ പ്രതിനായക വേഷവും വലിയ പ്ലസ് ആണ്. ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 5.85 കോടി നേടിയതായാണ് കണക്ക്. ഇപ്പോഴിതാ ചിത്രം ആദ്യ 3 ദിവസം കൊണ്ട് തങ്ങളുടെ തിയറ്ററില്‍ നിന്ന് നേടിയ റെക്കോര്‍ഡ് കളക്ഷനെക്കുറിച്ച്‌ അറിയിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ആയ ഏരീസ് പ്ലെക്സ്.

ആദ്യ മൂന്ന് ദിവസങ്ങളില്‍ നിന്ന് 50 ലക്ഷം രൂപയാണ് ഏരീസ് പ്ലെക്സില്‍ നിന്ന് ജയിലര്‍ നേടിയിരിക്കുന്നത്. തിയറ്ററിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ 50 ലക്ഷം കടക്കുന്ന ചിത്രമായിരിക്കുകയാണ് ഇതോടെ ജയിലര്‍. മറ്റൊരു മറുഭാഷാ ചിത്രത്തെയാണ് ജയിലര്‍ മറികടന്നിരിക്കുന്നത്. യഷ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് 2 ന് ആയിരുന്നു ഏരീസിലെ ഇതുവരെയുള്ള ഫാസ്റ്റസ്റ്റ് 50 ലക്ഷം ചിത്രം. 4 ദിവസം കൊണ്ടാണ് ഇതേ തിയറ്ററില്‍ കെജിഎഫ് 2, 50 ലക്ഷം കളക്ഷന്‍ നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *