പാക് താരത്തിനു നേരെ ‘ജയ് ശ്രീറാം’ വിളി; അംഗീകരിക്കാനാവില്ലെന്ന് ഉദയനിധി സ്റ്റാലിൻ

Breaking Sports

അഹമ്മദാബാദ്: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തിനിടെ കാണികളുടെ ‘ജയ് ശ്രീറാം’ വിളി അംഗീകരിക്കാനാവില്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാക് താരമായ മുഹമ്മദ് റിസ്വാന് നേരെയാണ് ഇന്ത്യന്‍ ആരാധകര്‍ ‘ജയ് ശ്രീറാം’ എന്ന് ഉറക്കെ വിളിച്ചത്. 60 പന്തില്‍ 49 റണ്‍സ് എടുത്തതിന് പിന്നാലെ പുറത്തായ താരം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

‘സ്പോര്‍ട്സ്മാന്‍ഷിപ്പിനും ആതിഥ്യമര്യാദയ്ക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പാക് താരങ്ങള്‍ക്കെതിരെ ഉണ്ടായ പെരുമാറ്റം അംഗീകരിക്കാനാവാത്തതാണ്. സ്പോര്‍ട്സ് എന്നത് രാജ്യങ്ങളെ ഒരുമിപ്പിക്കുകയും സാഹോദര്യത്തെ പരിപാലിക്കുകയും ചെയ്യുന്ന ശക്തിയാണ്. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉപകരണമായി കായികമേഖലയെ ഉപയോഗിക്കുന്നത് തികച്ചും അപലപനീയമാണ്’, ജയ്ശ്രീറാം മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന കാണികളുടെ വീഡിയോ പങ്കുവെച്ച് ഉദയനിധി സ്റ്റാലിന്‍ എക്സിൽ കുറിച്ചു.

ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ മുഹമ്മദ് റിസ്വാന്‍ സെഞ്ച്വറി നേടിയിരുന്നു. മത്സരത്തില്‍ താരത്തിന്റെ സെഞ്ച്വറി നേട്ടം ഗാസയിലെ ദുരിതബാധിതര്‍ക്ക് സമര്‍പ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നും താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രചരണം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *