ഐ. ടി. ഐ അധ്യാപകരെ അനുമോദിച്ച് മന്ത്രി വി. ശിവന്‍കുട്ടി

Education Kerala

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ കൂടുതല്‍ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകള്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും റാങ്ക് നേടിയവരെയും ഈ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളായ ഇൻസ്ട്രക്ടമാരെയും അനമോദിക്കുന്ന മെറിറ്റോറിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌പെക്‌ട്രം ജോബ് ഫെയര്‍-2023ലൂടെ തൊഴില്‍ നേടിയവര്‍ക്കുള്ള നിയമന ഉത്തരവുകളും മന്ത്രി വേദിയില്‍ വച്ച്‌ കൈമാറി.

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ വളരെ തിളക്കമാര്‍ന്ന വിജയമാണ് സംസ്ഥാനത്തിന് നേടാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. 2023 ജൂലൈയില്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് നിശ്ചിത സമയത്തിനുളളില്‍ പൂര്‍ത്തിയാക്കുവാനും ഓഗസ്റ്റ് 19ന് തന്നെ റിസള്‍ട്ട് പ്രഖ്യാപിക്കുവാനും വ്യാവസായിക പരിശീലന വകുപ്പ് പരീക്ഷാവിഭാഗത്തിന്റ സഹായത്തോടെ ഡി.ജി.റ്റി-യ്‌ക്ക് കഴിഞ്ഞു.

വിവിധ ഐ.ടി.ഐകളില്‍ 76 സി.റ്റി.എസ്. ട്രേഡുകളിലായി പരിശീലനം നേടിയ 49,930 ട്രെയിനികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഇതില്‍ സംസ്ഥാനത്തിന്റെ വിജയം 96.52 ശതമാനമാണ്. ദേശീയ തലത്തില്‍ 41 ട്രേഡുകളില്‍ കേരളത്തില്‍ നിന്നുളള 55 ട്രെയിനികള്‍ ദേശീയ റാങ്ക് ജേതാക്കളായി. പരീക്ഷ നടത്തിപ്പിന്റെ മികവില്‍ ദേശീയ തലത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചതും വകുപ്പിന്റെ അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം മുതല്‍ നൈപുണി മന്ത്രാലയത്തിന്റെ കീഴില്‍ ഏര്‍പ്പെടുത്തിയ 12 ദേശീയ അധ്യാപക അവാര്‍ഡുകളില്‍ ഏഴും ഐ.റ്റി.ഐ കളിലെ അധ്യാപകര്‍ക്കായിരുന്നു. ഇതില്‍ രണ്ട് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിക്കൊണ്ട് വകുപ്പിന്റെ അഭിമാനമായി മാറിയ അധ്യാപകരെ പ്രത്യേകം അനുമോദിക്കുന്നതായും മന്ത്രി പറഞ്ഞു.

ഐ.ടി.ഐ വിജയിക്കുന്ന ട്രെയിനികള്‍ക്ക് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളാണ് പ്ലേസ്‌മെന്റ് സെല്ലകളിലൂടെയും വ്യാവസായിക പരിശീലന വകുപ്പ് ഒരോ വര്‍ഷവും സംഘടിപ്പിക്കുന്ന സ്‌പെക്‌ട്രം ജോബ് ഫെയറിലൂടെയും സര്‍ക്കാര്‍ നല്‍കാൻ ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു.

വിദ്യാര്‍ഥികളുടെ വളര്‍ച്ചയില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. അധ്യാപകൻ എപ്പോഴും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *