ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. നിലവിൽ ചന്ദ്രനിൽനിന്ന് 100 കിലോ മീറ്റർ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം സഞ്ചരിക്കുന്നത്. നാല് ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയ ഇതോടെ അവസാനിച്ചു. നാളെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപ്പെടുന്നതോടെ ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമാകും. ഓഗസ്റ്റ് 23ന് വൈകിട്ട് 5.40നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.
നിർണായകമായ സോഫ്റ്റ് ലാൻഡിങ് ഏത് പ്രതികൂല സാഹചര്യത്തിലും നടത്താൻ കഴിയുന്ന രീതിയിലാണ് ഐഎസ്ആർഒ ഇത്തവണ ദൗത്യം ഒരുക്കിയിരിക്കുന്നത്. ഭൂമിയുടെ ആകർഷണത്തിൽനിന്ന് പുറത്തുകടന്ന ചന്ദ്രയാൻ-3 ഓഗസ്റ്റ് അഞ്ചിന് രാത്രിയാണ് ചാന്ദ്ര ഭ്രമണപഥത്തിലെത്തിയത്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പതിനേഴ് ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചാന്ദ്രഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.